ചാരുംമൂട്: കള്ളനോട്ടുകേസില്‍ പ്രമുഖ സീരിയല്‍ നടന്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. നടന്‍ നേമം കാരയ്ക്കാമണ്ഡപം സാഹിത് വീട്ടില്‍ ഷംനാദ് (ശ്യാം ആറ്റിങ്ങല്‍- 40), കൊട്ടാരക്കര വാളകം പാണക്കാട് ശ്യാം ശശി (29), ചുനക്കര കോമല്ലൂര്‍ വേളൂര്‍ വീട്ടില്‍ രഞ്ജിത്ത് (49) എന്നിവരാണ് പിടിയിലായത്.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ കല്ലട സ്വദേശിയും പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കൊല്ലം ഈസ്റ്റ് കല്ലട ഷാജി ഭവനില്‍ ക്ലീറ്റസ് (45), താമരക്കുളം പേരൂര്‍ കാരായ്മ അക്ഷയ നിവാസില്‍ ലേഖ (48) എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇപ്പോള്‍ പിടിയിലായ സീരിയല്‍ നടന്റെ വാഹനത്തില്‍ നിന്ന് നാലരലക്ഷം രൂപയുടെ കള്ളനോട്ടും പിടിച്ചു.
ലേഖ 500 രൂപയുടെ നോട്ട് നല്‍കി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. ക്ലീറ്റ്‌സാണ് തനിക്ക് പണം നല്‍കിയതെന്നായിരുന്നു ലേഖ പറഞ്ഞത്. ക്‌ളീറ്റസ് റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ള രഞ്ജിത്തിന്റെ പങ്ക് വെളിപ്പെടുത്തി.
രഞ്ജിത്തിനെയും ക്ലീറ്റസിനെയും ചോദ്യം ചെയ്തപ്പോള്‍ നടന്‍ ഷംനാദ് ആണ് നോട്ടുകള്‍ എത്തിച്ചു നല്‍കുന്നതെന്ന് മൊഴി നല്‍കി. അങ്ങനെയാണ് ഷംനാദ് അറസ്റ്റിലായത്. ഇയാളുടെ കാറില്‍ നിന്നും നാലര ലക്ഷം രൂപയുടെ 2000, 500, 200 കള്ളനോട്ടുകള്‍ കണ്ടെത്തി. കാറിന്റെ രഹസ്യ അറയിലായിരുന്നു നോട്ടുകള്‍.
also read: ഖത്തര്‍ ലോകകപ്പിന് സമാനമായ ഒരു ഉത്സവം ഇന്ത്യയില്‍ നടക്കുന്ന കാലം വിദൂരമല്ല; പ്രധാനമന്ത്രി
ഷംനാദിന്റെ വീട് റെയ്ഡ് ചെയ്തപ്പോള്‍ ലാപ്‌ടോപ്പ്, സ്‌കാനര്‍, പ്രിന്റര്‍, ലാമിനേറ്റര്‍, നോട്ടുകള്‍ മുറിക്കുന്നതിനുള്ള ഉപകരണങ്ങള്‍, ഉണക്കി സൂക്ഷിക്കാന്‍ വച്ചിരുന്ന നിരവധി നോട്ടുകള്‍ എന്നിവ കണ്ടെത്തി. പാതി നിര്‍മ്മാണത്തിലിരുന്ന നോട്ടുകള്‍ക്കൊപ്പം 25,000 രൂപയുടെ കള്ളനോട്ടുകളും കണ്ടെത്തി. വാളകം സ്വദേശി ശ്യാമാണ് ബുദ്ധികേന്ദ്രമെന്ന് ഷംനാദ് വെളിപ്പെടുത്തി. തുടര്‍ന്ന് ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post