കൂത്തുപറമ്പ്: കണ്ണൂരിൽ മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ഉടൻ തന്നെ തീ അണയ്ക്കാൻ സാധിച്ചതിനെ തുടർന്ന് കൂടുതൽ നാശനഷ്ടത്തിലേയ്ക്കും ജീവഹാനിയിലേയ്ക്കും വഴിവെച്ചില്ല. കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആറാംമൈലിലെ എം.എ മൻസിലിൽ മശൂദിന്റെ വീട്ടിലാണ് അപകടമുണ്ടായത്.
കഴിഞ്ഞ ദിവസം സന്ധ്യക്ക് മശൂദിന്റെ ബന്ധു പള്ളിയിൽ പോയി തിരിച്ചുവരുമ്പോഴാണ് വീടിന്റെ മുകളിലത്തെ നിലയിൽ നിന്നും തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. അസഹനീയ ചൂടുകാരണം ആർക്കും ആദ്യം മുറിയിൽ പ്രവേശിക്കാൻ സാധിച്ചില്ല. ഒടുവിൽ, കൂത്തുപറമ്പിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെയാണ് തീ നിയന്ത്രണ വിധേയമാക്കുവാൻ സാധിച്ചത്.
തീപിടുത്തത്തിൽ മുറിയിലെ ഫർണ്ണീച്ചറുകൾ എല്ലാം കത്തിനശിച്ചു. ഗ്ലാസുകൾ പൊട്ടിത്തെറിച്ചതോടൊപ്പം ചുമരുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുറിക്ക് സമീപത്തെ തെങ്ങിന്റെ ഓലകളും കരിഞ്ഞ നിലയിലാണ്. മശൂദിന്റെ മകനാണ് ഈ മുറി ഉപയോഗിച്ചിരുന്നത്. മൊബൈൽ ചാർജ്ജ് ചെയ്ത ശേഷം പ്ലഗിന്റെ സ്വിച്ച് ഓഫാക്കാതെ ചൂടുപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.