കറുകച്ചാൽ: തടിപ്പണിക്കാരനായ കറുകച്ചാൽ രാജമറ്റം നരിക്കുഴിയിൽ സുഭാഷിനെ നാട്ടുകാർക്കും പ്രിയമാണ്. കാരണം, പാമ്പ് കയറി ഒന്നു വരമോ എന്ന് ചോദിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ ുഭാഷ് ഓടിയെത്തും. തടിപ്പണിക്കിടയിലും പാമ്പ് പിടുത്തം സുഭാഷിനൊരു ഹോബിയാണ്. ഒറ്റയ്ക്ക് പാമ്പുകളെ പിടിച്ചിരുന്ന സുഭാഷിനൊപ്പം മകൻ അനന്ദുവും മകൾ ആര്യയും ഇറങ്ങിയതോടെ ഇതൊരു കുടുംബകാര്യം കൂടിയായി.
പാമ്പിനെ പിടിക്കാനും ചാക്കിലാക്കാനും മക്കൾ കൂടെ കൂടിയതോടെ പണിയും എളുപ്പമായതിന്റെ ആശ്വാസത്തിലാണ് സുഭാഷ്. ചെറുപ്പം മുതൽ സുഭാഷ് പാമ്പുകളെ പിടിക്കുമായിരുന്നു. മറ്റുള്ള കുട്ടികൾ പാമ്പുകളെ പേടിച്ചുമാറിനിൽക്കുമ്പോൾ, അവയെ കൗതുകത്തോടെ കാണാനായിരുന്നു സുഭാഷിനും ഇഷ്ടം. ഈ ഇഷ്ടമാണ് പിന്നീട് പാമ്പുപിടുത്തത്തിലെത്തിച്ചത്. അയൽവീടുകളിൽ പാമ്പിനെ കണ്ടാൽ അവയെ ഉപദ്രവിക്കാനോ കൊല്ലാനോ സുഭാഷ് സമ്മതിക്കില്ല. സുരക്ഷിതമായി പിടികൂടി ചാക്കിലാക്കി എവിടൈയങ്കിലും കൊണ്ടുവിടും.
കഴിഞ്ഞ 35 വർഷത്തിനിടയിൽ ചെറുതും വലുതുമായി ആയിരത്തോളം പാമ്പുകളെയാണ് സുഭാഷ് പിടികൂടിയിട്ടുള്ളത്. പിടികൂടുന്ന പാമ്പുകളെ സഞ്ചിയിലാക്കി വനംവകുപ്പിന് കൈമാറും. അച്ഛൻ പിടിക്കുന്ന പാമ്പുകളെ കണ്ട് മക്കൾക്കും ഭയമില്ലാതെയായി. ശേഷം, പിതാവിനൊപ്പം ഇവരും ഇറങ്ങുകയായിരുന്നു. പാമ്പുകളെപ്പറ്റി കൂടുതൽ അറിയാനും പഠിക്കാനുമുള്ള ശ്രമത്തിനിടയിൽ വനംവകുപ്പിൽനിന്ന് പാമ്പുപിടിത്തത്തിൽ സുഭാഷ് ശാസ്ത്രീയ പരിശീലനവും നേടി.
വനം വകുപ്പ് നിർദേശിക്കുന്ന ഉപകരണങ്ങളും മാനദണ്ഡങ്ങളും പാലിച്ചു മാത്രമേ സുഭാഷ് പാമ്പുകളെ പിടിക്കാറുള്ളു. പിടികൂടുന്ന പാമ്പുകളെ നാട്ടുകാർക്ക് മുൻപിൽ പ്രദർശിപ്പാക്കാനോ കൈയ്യടി നേടാനോ താത്പര്യമില്ല. പണി കഴിഞ്ഞാൽ പിടിച്ച പാമ്പുമായി ഇവർ വീട്ടിലേക്ക് പോകും. വിവരം ഉടനെ വനം വകുപ്പിനെയും അറിയിക്കും. പ്ലസ്ടു പഠനം കഴിഞ്ഞ അനന്ദുവും പ്ലസ് വൺ വിദ്യാർഥിനിയായ ആര്യയും പാമ്പുകളെ പഠിക്കാൻ പരിശീലിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ പരിശീലനം കൂടി നേടി അച്ഛന്റെ പാത പിന്തുടരാൻ തന്നെയാണ് മക്കളും ആഗ്രഹിക്കുന്നത്. മൂന്നു പേർക്കും പിന്തുണ നൽകി ഭാര്യ ഓമനയും ഉണ്ട്.