അടൂർ: ദിവസവും പത്തിലേറെ ലോട്ടറി എടുക്കുന്ന അടൂർ കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയുടെ സൂക്ഷിപ്പുകാരനായ മേലൂട് കരിന്തേനൂർ വടക്കേക്കര വീട്ടിൽ ഡാനിയേൽ ഉണ്ണൂണ്ണിക്ക് ഇത്തവണ കൈവന്നത് 70 ലക്ഷം. തന്റെ 68-ാമത്തെ വയസിൽ ഭാഗ്യദേവത കടാക്ഷിച്ച സന്തോഷത്തിലാണ് ഡാനിയേൽ.
എടി465983 എന്ന നമ്പരിനാണ് സമ്മാനം കൈവന്നത്. നേരത്തെ 5000, 2000, 1000, 100 രൂപ വരെ അടിച്ചിട്ടുണ്ട്. ഒന്നാം സമ്മാനം കിട്ടുന്നത് ആദ്യമാണ്. സെന്റ് മേരീസ് പള്ളിയുടെ ഭാഗത്തു കൂടി പോയ ഭിന്നശേഷിക്കാരനായ ലോട്ടറി വിൽപനക്കാരനായ യുവാവിനെ വിളിച്ചു വരുത്തി എടുത്ത ലോട്ടറിക്കാണ് ഡാനിയേലിന് ഭാഗ്യം കൊണ്ടുവന്നത്.
സമ്മാനാർഹമായ ടിക്കറ്റ് കേരള ബാങ്കിന്റെ അടൂർ ശാഖയിൽ നൽകി. 70 ലക്ഷം രൂപ അടിച്ചെങ്കിലും വലിയ മോഹങ്ങൾ ഒന്നും തനിക്കില്ലെന്ന് ഡാനിയേൽ പറയുന്നു. ഒരു വിഹിതം വിവാഹം കഴിച്ച് അയച്ച 2 പെൺമക്കൾക്ക് നൽകണം. ബാക്കി തുക അത്യാവശ്യ കാര്യങ്ങൾക്ക് വിനിയോഗിക്കുമെന്നും ഡാനിയേൽ പറഞ്ഞു. കരുവാറ്റ പള്ളിയുടെ നേതൃത്വത്തിൽ വച്ചു നൽകിയ വീട്ടിലാണ് ഡാനിയേലും കുടുംബവും താമസിക്കുന്നത്.
Discussion about this post