ശബരിമല: മണ്ഡലകാലത്ത് ദര്‍ശനപുണ്യം തേടി ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെത്തുന്നിടമാണ് ശബരിമല. ആചാര അനുഷ്ഠാനങ്ങള്‍ക്ക് പ്രാധാന്യമേറെയാണെങ്കിലും തെറ്റിദ്ധാരണകള്‍ കാരണം ഭക്തരില്‍ ചിലര്‍ അനാചാരങ്ങളിലേക്കും വഴിമാറുന്നുണ്ട്. അനാചാരങ്ങള്‍ വെടിയാന്‍ ഗുരുസ്വാമിമാര്‍ മുന്‍കൈയെടുക്കണമെന്ന് ഓര്‍മിപ്പിച്ചിരിക്കുകയാണ് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്.
കന്നി അയ്യപ്പന്മാര്‍ ശരംകുത്തിയിലെ ആല്‍മരത്തില്‍ ശരക്കോല്‍ കുത്തുന്നത് ആചാരം. എന്നാല് പുരാണങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള പവിത്ര ഭൂമികയായ ശബരി പീഠത്തില്‍ ശരം കുത്തി മലചവിട്ടുകയാണ് ഭക്തരില്‍ ചിലര്‍. തുടര്‍ന്ന് ചന്ദ്രാനന്ദന്‍ റോഡ് വഴി സന്നിധാനത്തേക്ക് പോകും. പണ്ട് ആരോ ചെയ്ത പ്രവര്‍ത്തി ആചാരങ്ങളുടെ ഭാഗമെന്നു തെറ്റിദ്ധരിച്ചു ചിലര്‍.
‘ഇതെല്ലാം അനാചാരങ്ങളാണ്. ശരംകുത്തിയില്‍ ശരംതറച്ചിട്ട് വേണം വരാന്‍’- ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്. മണിമണ്ഡപത്തില്‍ ഭസ്മം വിതറുന്നതും മാളികപ്പുറം ക്ഷേത്രത്തിന് മുകളിലേക്ക് പട്ട് വലിച്ചെറിയുന്നതും തേങ്ങയുരുട്ടുന്നതുമെല്ലാം ആചാരങ്ങളുടെ ഭാഗമല്ലെന്ന് ക്ഷേത്രം തന്ത്രി പറഞ്ഞു.
മാളികപുറത്ത് തുണിയെറിയുന്നു. മഞ്ഞപ്പൊടി ശ്രീകോവിലിന് ചുറ്റും വിതറുന്നു. മണി മണ്ഡപത്തില്‍ ഭസ്മം വിതറുന്നു. ഇതെല്ലാം അനാചാരമാണ്’- തന്ത്രി പറഞ്ഞു.
പുണ്യ നദിയായ പമ്പയേയും പരിപാവനമായ ഭസ്മക്കുളത്തേയുമെല്ലാം മലീമസമക്കുന്നതിലും അനാചാരങ്ങള്‍ക്ക് പങ്കുണ്ട്… ആചാരാനുഷ്ഠാനങ്ങള്‍ ഭക്തര്‍ക്ക് പകര്‍ന്നു നല്‍കുന്നതില്‍ ഗുരു സ്വാമിമാര്‍ മുന്‍കൈയ്യെടുക്കണമെന്നും തന്ത്രി ഓര്‍മ്മിപ്പിക്കുന്നുണ്ട്