ആലപ്പുഴ: അനിയന്റെ പഠനം മുടങ്ങാതിരിക്കാന്‍ എംബിബിഎസ് പഠനം പോലും ഉപക്ഷിച്ച് ചേച്ചി. അനുജന്റെ പഠനത്തിന് എല്ലാ സഹായവും ഉറപ്പാക്കി ആലപ്പുഴ കളക്ടര്‍ വി ആര് കൃഷ്ണ തേജ.
അച്ഛനും അമ്മയ്ക്കും ശേഷമുള്ള അമ്മ ചേച്ചിയാണെന്നും അത്തരമൊരു അമ്മയെ കഴിഞ്ഞ ദിവസം താന്‍ കണ്ടുവെന്നും പറഞ്ഞാണ് കളക്ടറുടെ കുറിപ്പ് തുടങ്ങുന്നത്. ആ മിടുക്കിയുടെ അനിയനോടുള്ള സ്നേഹവും വാത്സല്യവും ഏവരുടെയും കണ്ണ് നിറയിക്കുന്നതാണെന്നും കൃഷ്ണ തേജ പറയുന്നു.
മോള്‍ക്ക് പഠിക്കാന്‍ സഹായം വേണ്ടെയെന്ന് ചോദിച്ചപ്പോള്‍ എന്നേക്കാളും അനിയന്റെ പഠനം മുടങ്ങരുതെന്നാണ് ആഗ്രഹമെന്നും അതിനാണ് പ്രധാന്യമെന്നുമാണ് പറഞ്ഞതെന്നും അദ്ദേഹം കുറിച്ചു. മോളുടെ അനിയന്റെ മുഴുവന്‍ പഠന ചിലവും ഏര്‍പ്പെടുത്തിയിട്ടുണ്ട്, മോള് ആഗ്രഹിച്ച പോലെ അനിയന് യാതൊരു സാമ്പത്തിക പ്രതിസന്ധിയും ഇല്ലാതെ പഠിക്കാമെന്നും അദ്ദേഹം ഉറപ്പ് നല്കി.
അച്ഛനും അമ്മയ്ക്കും ശേഷം ചേച്ചിയാണല്ലെ നമ്മുടെ അമ്മ. അത്തരമൊരു അമ്മയെ കഴിഞ്ഞ ദിവസം ഞാന്‍ കണ്ടു. തോട്ടപ്പള്ളി സ്വദേശിനിയായ ഈ മോളെ കളക്ടറേറ്റില്‍ വെച്ചാണ് ഞാന്‍ ആദ്യമായി കാണുന്നത്. കഴിഞ്ഞ വര്‍ഷം അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടന്നും അതിനാല്‍ രണ്ടാം വര്‍ഷം എന്‍ജിനീയറിംഗിന് പഠിക്കുന്ന കുഞ്ഞനിയന്റെ പഠനം മുടങ്ങരുതെന്നും ഫീസിനായി പിന്തുണ വേണമെന്നുള്ള ആവശ്യവുമായാണ് ഈ മോള് വന്നത്. അപ്പോഴാണ് മോളേപ്പറ്റിയും കുടുംബത്തേപ്പറ്റിയും ഞാന്‍ കൂടുതലായി ചോദിച്ചത്.
ഈ മോള് എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയാണെന്ന് എന്നോട് പറഞ്ഞു. പഠനം എന്തായെന്ന് ചോദിച്ചപ്പോള്‍ സാമ്പത്തിക പ്രയാസം കാരണം പഠനം നിര്‍ത്തേണ്ടി വന്നെന്ന് സങ്കടത്തോടെ പറഞ്ഞു. മോള്‍ക്ക് പഠിക്കാന്‍ സഹായം വേണ്ടെയെന്ന് ചോദിച്ചപ്പോള്‍ എന്നേക്കാളും അനിയന്റെ പഠനം മുടങ്ങരുതെന്നാണ് ആഗ്രഹമെന്നും അതിനാണ് പ്രധാന്യമെന്നുമാണ് ഈ മിടുക്കി എന്നോട് പറഞ്ഞത്. അനിയനോടുള്ള സ്നേഹവും വാത്സല്യവും കണ്ട് എന്റെ ചുറ്റുമുള്ളവരുടെ കണ്ണുകള്‍ നിറഞ്ഞതും ഞാന്‍ കണ്ടു.
ഇത് സംബന്ധിച്ച് പ്രമുഖ വ്യവസായി ശ്രീ.ലക്കിയോട് സംസാരിക്കുകയും അദ്ദേഹം ഈ മോളുടെ അനിയന്റെ മുഴുവന്‍ പഠന ചിലവും ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ മോള് ആഗ്രഹിച്ച പോലെ ഇനിയീ മോളുടെ അനിയന് യാതൊരു സാമ്പത്തിക പ്രതിസന്ധിയും ഇല്ലാതെ പഠിക്കാം. ഈ മോള്‍ക്കും കുഞ്ഞനിയനും നമ്മുടെ എല്ലാവരുടെയും ആശംസകള്‍ വേണം. മുഴുവന്‍ ഫീസും ഏറ്റെടുത്ത ശ്രീ. ലക്കിക്കും എന്റെ ആശംസകള്‍.
Discussion about this post