അര്‍ജന്റീന ഖത്തര്‍ ലോകകപ്പ് ഫൈനലിലെത്തിയ സന്തോഷത്തിലാണ് ആരാധക ലോകം ഒന്നടങ്കം. ഇപ്പോഴിതാ മിശ്ശിഹാ മെസ്സി കരയിലും വെള്ളത്തിലും മാത്രമല്ല അങ്ങ് കടലിനടിയില്‍ പവിഴപ്പുറ്റുകള്‍ക്കരികിലും ഉണ്ട്.
മെസിയുടെ കൂറ്റന്‍ കട്ടൗട്ട് കടലാഴങ്ങളില്‍ സ്ഥാപിച്ച് സ്‌നേഹം പ്രകടിപ്പിക്കുകയാണ് ലക്ഷദ്വീപിലെ അര്‍ജന്റീന ഫാന്‍സ്. കടലിനടിയില്‍ മെസിയുടെ കട്ടൗട്ട് സ്ഥാപിച്ചിരിക്കുകയാണ് കവരത്തിയിലെ അര്‍ജന്റീന ആരാധകനായ മുഹമ്മദ് സ്വാദിഖി. കടലിനടിയില്‍ മെസിയുടെ കട്ടൗട്ട് വയ്ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ്.
‘നമ്മടെ ചെക്കന്‍ പവിഴപൂറ്റുകള്‍ക്കും വര്‍ണ്ണമത്സ്യങ്ങള്‍ക്കും ഇടയില്‍ നിന്നത് കണ്ടോ’ എന്ന കുറിപ്പോടെയാണ് വീഡിയോ. ലക്ഷദ്വീപിലെ കടലിലാണ് സ്‌കൂബ വിദഗ്ധരുടെ സഹായത്തോടെ കട്ടൗട്ട് സ്ഥാപിച്ചത്.
അര്‍ജന്റീന ലോകകപ്പ് ഫൈനലിലെത്തിയാല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് കടലില്‍ പവിഴപ്പുറ്റുകള്‍ക്കിടയില്‍ സ്ഥാപിക്കുമെന്ന് ആരാധകര്‍ വാക്കു നല്‍കിയിരുന്നു. മെസിയുടെ കൂറ്റന്‍ കട്ടൗട്ടാണ് കടലില്‍ പവിഴപ്പുറ്റുകള്‍ക്കിടയില്‍ തിളങ്ങി നില്‍ക്കുന്നത്. കട്ടൗട്ട് സ്ഥാപിക്കാനായി തോണിയില്‍ കടലിലേക്ക് പോകുന്നുതും കടലിനിടയില്‍ കട്ടൗട്ട് സ്ഥാപിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്.