തിരുവനന്തപുരം: ഐഎഫ്എഫ്‌കെയുടെ ഇരുപത്തി ഏഴാമത് എഡിഷന്റെ സമാപന വേദിയില്‍ പ്രസംഗിക്കാനെത്തിയ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന് കൂവല്‍. സ്വാഗത പ്രസംഗത്തിന് രഞ്ജിത്ത് വന്നപ്പോഴായിരുന്നു കൂവല്‍.
ഇത്തവണത്തെ ഐഎഫ്എഫ്‌കെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും കൂവലുണ്ടായത്.
അതേസമയം, ‘തിരുവനന്തപുരത്തെ ഒരു മാധ്യമ സുഹൃത്ത് ഞാന്‍ സംസാരിക്കാന്‍ വരുമ്പോള്‍ കൂവാന്‍ ഒരു ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞു നല്ല കാര്യം. കൂവി തെളിയുക തന്നെ വേണം. ഈ ചടങ്ങില്‍ ഞാന്‍ വന്നത് എന്റെ ഭാര്യയുമായിട്ടാണ്. ഭര്‍ത്താവിനെ കൂവുന്ന ഒരു വേദിയിലേക്ക് സാക്ഷിയാകാന്‍ വരുന്ന ഭാര്യയോട് നമുക്കത് ഒരുമിച്ച് ആസ്വദിക്കാം എന്ന് പറഞ്ഞു.’- എന്നാണ് രഞ്ജിത്ത് പ്രതികരിച്ചത്.
ഈ കൂവല്‍ ഒന്നും പുത്തരിയല്ല. 1976ല്‍ എസ്എഫ്‌ഐയില്‍ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും ഒരു വിഷയമൊന്നും അല്ല. അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ സ്ട്രീമിങ്ങിനിടെ ഡെലിഗേറ്റുകള്‍ പ്രതിഷേധിച്ചിരുന്നു. ബുക്ക് ചെയ്തിട്ടും സീറ്റ് കിട്ടാതിരിക്കുകയും നടത്തിപ്പിലെ പരാതിയും ഓണ്‍ലൈന്‍ ബുക്കിങ്ങിലെ പരാതിയുമൊക്കെ ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം.
പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ കാണികള്‍ കൂവല്‍ നടത്തിയത്. എന്നാല്‍, ഐഎഫ്എഫ്‌കെയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ അക്കാദമി പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു രഞ്ജിത്ത് വിഷയത്തില്‍ പ്രതികരിച്ചത്.