തിരുവനന്തപുരം: എല്‍ഡിഎഫ് മന്ത്രിസഭയിലെ മുന്‍ മന്ത്രി പികെ ഗുരുദാസനും കുടുംബത്തിനും സ്വന്തമായി വീടെന്ന ആഗ്രഹം സഫലമായി. മുന്‍മന്ത്രിക്കായി സിപിഎം പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് വീടൊരുങ്ങിയത്.
തിരുവനന്തപുരം എംസി റോഡില്‍ കരേറ്റ് നിന്ന് നഗരൂരിലേക്ക് പോകുന്ന വഴി, പേടികുളത്തുള്ള അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമിയിലാണ് 35 ലക്ഷം രൂപ ചെലവാക്കി കൊല്ലം ജില്ലാ കമ്മിറ്റി അംഗങ്ങള്‍ വീട് നിര്‍മ്മിച്ചത്.
കയര്‍, കശുവണ്ടി പ്രവര്‍ത്തകര്‍ക്കിടയിലെ ജനസേവകനായിരുന്നു പികെ ഗുരുദാസന്‍. 25 വര്‍ഷം പാര്‍ട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നു. പത്തുവര്‍ഷം എംഎല്‍എയും അഞ്ചുവര്‍ഷം എക്‌സൈസ് തൊഴില്‍വകുപ്പ് മന്ത്രിയുമായിരുന്നെഹ്കിലും ഇദ്ദേഹത്തിന് സ്വന്തമായി വീടുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.
പാര്‍ട്ടി ചുമതലകളില്‍ നിന്നൊഴിഞ്ഞ പ്രിയപ്പെട്ട നേതാവിന് വീടൊരുക്കാന്‍ കൊല്ലം ജില്ലയിലെ പ്രവര്‍ത്തകര്‍ തന്നെ മുന്നിട്ടിറങ്ങുകയായിരുന്നു. ഇതിനായി കൊല്ലത്തെ പാര്‍ട്ടി അംഗങ്ങളില്‍ നിന്നുമാത്രം പിരിവെടുത്താണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
പികെ ഗുരുദാസന്റെ സങ്കല്‍പ്പം രണ്ട് കിടപ്പുമുറികളുള്ള ഒരു ചെറിയ വീട് എന്നതായിരുന്നു. ഓഫീസ് മുറിയടങ്ങുന്ന 1700 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒറ്റനില വീടാണ് സഖാവിനായി ഒരുക്കിയിരിക്കുന്നത്. കൊല്ലത്തെ പാര്‍ട്ടി പ്രവര്‍ത്തന കാലത്ത് താമസിച്ചിരുന്ന ഈസ്റ്റ് പട്ടത്താനത്തെ വാടക വീടിന്റെ പേരായ ‘പൗര്‍ണമി’ എന്ന പേരുതന്നെയാണ് ഈ വീടിനും അദ്ദേഹം നല്‍കിയിരിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, കൊല്ലം എംഎല്‍എ മുകേഷ്, സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ എന്നിവരടക്കം നിരവധി നേതാക്കള്‍ ഗൃഹപ്രവേശനം ആഘോഷമാക്കാനായി എത്തിയിരുന്നു.