ദോഹ: കഴിഞ്ഞ ദിവസം നടന്ന ഫ്രാന്‍സ് – മൊറോക്കൊ സെമി ഫൈനല്‍ രണ്ട് സുഹൃത്തുക്കളുടെ പോരാട്ടം കൂടിയായിരുന്നു. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും മൊറോക്കന്‍ റൈറ്റ് ബാക്ക് അക്രഫ് ഹക്കിമിയും പിഎസ്ജിക്ക് വേണ്ടി ഒരുമിച്ച് കളിക്കുന്നവരാണ്. വാശിയേറിയ മത്സരത്തില്‍ ഫ്രാന്‍സിനെതിരെ മൊറോക്കോക്ക് തോല്‍വിയേറ്റു വാങ്ങേണ്ടി വന്നെങ്കിലും ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നത് ഇവര്‍ക്കിടയിലുള്ള സൗഹൃദത്തിന്റെ ആഴമാണ്.
പരാജയപ്പെട്ടതിന്റെ നിരാശയില്‍ ഗ്രൗണ്ടിലിരുന്ന് വിതുമ്പുന്ന ഉറ്റ സുഹൃത്ത് ഹക്കിമിയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന എംബാപ്പെയുടെ ദൃശ്യങ്ങളാണ് ലോകം ഏറ്റെടുത്തത്. മത്സരത്തിന് ശേഷം ഇരുവരും ജേഴ്‌സി കൈമാറിയതും ആലിംഗനം ചെയ്തതും സൗഹൃദത്തിന്റെ നല്ല കാഴ്ചയായി.
‘നീ വിഷമിക്കരുത്. എല്ലാവരും നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുകയാണ്. നീ സൃഷ്ടിച്ചത് ചരിത്രമാണ്.’ ഹക്കിമിയെ ആലിംഗനം ചെയ്യുന്ന ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് എംബാപ്പെ കുറിച്ചു. ഇരുവരുടെയും സൗഹൃദത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയില്‍ ഒരുമിച്ച് കളിക്കുന്ന ഹക്കീമിയും എംബാപ്പെയും ഉറ്റസുഹൃത്തുക്കളുമാണ്. രണ്ട് വ്യത്യസ്ത പൊസിഷനുകളില്‍ കളിക്കുന്നവരാണ് എംബാപ്പെയും ഹക്കീമിയും. എതിരാളികളുടെ ബോക്സിലേക്ക് അതിവേഗം പന്തുമായി കുതിച്ചുപായുന്ന അപകടകാരിയായ സ്ട്രൈക്കറാണ് എംബാപ്പെ. എന്നാല്‍, ഗോള്‍വല ലക്ഷ്യമാക്കി വരുന്ന എതിരാളികളുടെ മുന്നേറ്റം ബോക്സിനപ്പുറത്ത് തകര്‍ത്തുകളയുന്ന പ്രതിരോധമതിലാണ് അഷ്റഫ് ഹക്കീമി.
ഇത്തവണ എംബാപ്പെയെ തടയാനുള്ള ചുമതല ലഭിച്ചത് താരത്തിന്റെ ഉറ്റസുഹൃത്തായ അക്രഫ് ഹക്കിമിക്കും. എന്നാല്‍ ആവേശകരമായ മത്സരത്തിനൊടുവില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് മൊറോക്കോയെ തകര്‍ത്ത് ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം സെമി ഉറപ്പിക്കുകയാണ് ചെയ്തത്. രണ്ടു ഗോളുകള്‍ക്കും വഴി വെച്ചത് എംബാപ്പെയുടെ മുന്നേറ്റമാണ്. ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമെന്ന നേട്ടവുമായി എത്തിയ മൊറോക്കോയുടെ പരാജയം ആരാധകര്‍ക്കെന്ന പോലെ താരങ്ങള്‍ക്കും വലിയ ആഘാതമായി.
Don’t be sad bro, everybody is proud of what you did, you made history. ❤️ @AchrafHakimi pic.twitter.com/hvjQvQ84c6
— Kylian Mbappé (@KMbappe) December 14, 2022
ലോകകപ്പില്‍ ഫ്രാന്‍സും മൊറോക്കോയും നേര്‍ക്കുനേരെ എത്തുമ്പോള്‍ തന്റെ സുഹൃത്തിനെ തനിക്ക് തകര്‍ക്കേണ്ടി വരുമെന്ന് എംബാപ്പെ നേരത്തെ തന്നെ പറഞ്ഞിരുന്നു. തന്റെ സുഹൃത്തിനെ തകര്‍ക്കുക എന്നത് വേദന നിറഞ്ഞ കാര്യമാണെങ്കിലും തനിക്കത് ചെയ്തേ പറ്റൂ എന്നാണ് എംബാപ്പെ പറഞ്ഞത്. ഇതിന് മറുപടിയായി സീ യൂ സൂണ്‍ എന്ന് എംബാപ്പെയെ ടാഗ് ചെയ്തുകൊണ്ട് ഹക്കിമി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
Discussion about this post