മലപ്പുറം: റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂൾ വിദ്യാർത്ഥിനി ഗുഡ്‌സ് ഓട്ടോ ഇടിച്ച് മരിച്ച സംഭവത്തിൽ ഉടനടി നടപടി സ്വീകരിച്ച് മോട്ടോർ വാഹന വകുപ്പ്. സ്‌കൂൾ ബസിൽനിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് താനൂർ നന്നമ്പ്ര എസ്.എൻ. യുപി സ്‌കൂൾ വിദ്യാർഥിനി പാണ്ടിമുറ്റം സ്വദേശി വെളിയത്ത് ഷാഫിയുടെ മകൾ ഷഫ്‌ന ഷെറിൻ ഗുഡ്സ് ഓട്ടോ ഇടിച്ച് മരിച്ചത്. താനൂർ തെയ്യാല പാണ്ടിമുറ്റത്ത് ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം നടന്നത്.
സ്‌കൂൾ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കുകയും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. ഒപ്പം ഗുഡ്സ് ഓട്ടോ ഡ്രൈവറുടെ ലൈസൻസും റദ്ദാക്കിയതായി എംവിഡി അറിയിച്ചു. ഡ്രൈവർക്ക് പുറമേ ഒരു അറ്റൻഡർ കൂടി സ്‌കൂൾ ബസുകളിൽ ഉണ്ടായിരിക്കണം എന്ന നിയമം ബസിൽ പാലിക്കപ്പെട്ടിരുന്നില്ലെന്നും അന്വേഷണത്തിൽ നിന്ന് വ്യക്തമായതിന് പിന്നാലെയാണ് നടപടി കൈകൊണ്ടത്. സ്‌കൂൾ ബസിന്റെ പാർക്കിങ് ബ്രേക്കും വേഗപ്പൂട്ടും തകരാറിലായിരുന്നു എന്നും കണ്ടെത്തി.
ടയർ മോശം അവസ്ഥയിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഫിറ്റ്‌നസ് റദ്ദാക്കാനും നടപടി എടുത്തത്. അപകടസ്ഥലവും വാഹനങ്ങളും തിരൂരങ്ങാടി ജോയിന്റ് ആർടിഒ എംപി അബ്ദുൾ സുബൈറിന്റെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. സ്‌കൂളിന്റെ മറ്റു വാഹനങ്ങളും പരിശോധിച്ചു. കൃത്യമായ ഫിറ്റ്നസ് പോലും ഇല്ലാതെയാണ് ബസ് ഓടിയതെന്ന് വ്യക്തമായിട്ടുണ്ട്.
ഇക്കാര്യത്തിൽ സ്‌കൂൾ അധികൃതർക്കെതിരേ കർശന നടപടിക്ക് ശുപാർശ ചെയ്യും. സ്‌കൂൾ വാഹനങ്ങൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുൻപ് മോട്ടോർ വാഹനവകുപ്പ് പരിശോധനകൾ നടത്തിയിരുന്നു. അതിനു ശേഷവും സ്‌കൂൾ ബസുകൾ നിയമലംഘനം നടത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് മോട്ടോർ വാഹനവകുപ്പ് വിലയിരുത്തുന്നത്.