തൃശ്ശൂർ: രണ്ട് കുട്ടികളുമായി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു. കുട്ടികളെ സാഹസികമായി രക്ഷപ്പെടുത്തി. തൃശ്ശൂർ കയ്പമംഗലത്ത് ആണ് സംഭവം നടന്നത്. മൂന്നുപീടിക ബീച്ച് റോഡ് സ്വദേശി ശിഹാബ് ആണ് മരിച്ചത്. 35 വയസായിരുന്നു. വ്യാഴാഴ്ച പുലർച്ചെയോടെയാണ് ശിഹാബ് രണ്ടരയും നാലരയും വയസ്സുള്ള കുട്ടികളേയും എടുത്ത് വീട്ടുമുറ്റത്തെ കിണറ്റിലേയ്ക്ക് ചാടിയത്.
ഉറങ്ങിക്കിടക്കുന്ന ഭാര്യ അറിയാതെയാണ് ശിഹാബ് കുട്ടികളെയും കിണറ്റിലെറിഞ്ഞ് ചാടിയത്. കുട്ടികളുടെ കരച്ചിൽ കേട്ടാണ് വീട്ടുകാരും സമീപവാസികളും സംഭവം അറിയുന്നത്. ഉടൻ തന്നെ മൂന്നുപേരേയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ശിഹാബിന്റെ ജീവൻ രക്ഷിക്കാനായില്ല.
ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ടൈൽസ് കട ഉടമയായ ശിഹാബിന് കടയുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് വിവരം. തലേദിവസം കടബാധ്യതയെ കുറിച്ച് ഭാര്യയുമായി വഴക്കിട്ടിരുന്നതായും പറയുന്നു. ഇതായിരിക്കാം ആത്മഹത്യയിലേയ്ക്കും നയിച്ചതെന്നാണ് പ്രാഥമിക വിവരം.