തിരുവനന്തപുരം: വാടക ചോദിച്ചെത്തിയ ഉടമയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കഴിഞ്ഞ ദിവസമാണ് പിടിയിലായത്. ജാർഖണ്ഡ് സ്വദേശികളും സഹോദരങ്ങളുമായ സ്വപൻകുമാർ മഹൽദാർ (33), നന്ദുകുമാർ മഹൽദാർ (29) എന്നിവരാണ് അറസ്റ്റിലായത്. കെട്ടിട ഉടമ കൊയ്ത്തൂർക്കോണം സ്വദേശി നവാസ് ആണ് മർദ്ദനത്തിന് ഇരയായത്. മൂക്കിനും കണ്ണിനും സാരമായി പരിക്കേറ്റ നവാസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നവാസിന്റെ ഉടമസ്ഥതയിൽ പോത്തൻകോട് ജംഗ്ഷനു സമീപം വിദേശ മദ്യശാലയ്ക്ക് എതിർവശത്തായി അതിഥി തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയിട്ടുള്ള ഷെഡിൽ വെച്ചാണ് ആക്രമണം നടന്നത്. അതേസമയം, തൊഴിലാളികളുടെ അറസ്റ്റിന് പിന്നാലെ ഇവർ താമസിക്കുന്ന വാടക മുറിയുടെ ശോചനീയാവസ്ഥയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മർദ്ദനത്തിലേയ്ക്ക് വഴിവെച്ചതും ഇവ പരിഹരിച്ചു തരണമെന്ന ആവശ്യം നിരാകരിച്ചതോടെയാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ വാടക ചോദിക്കാനെത്തിയതായിരുന്നു നവാസ്. എന്നാൽ ലൈറ്റ് കത്താത്തതിനെക്കുറിച്ചും സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിക്കുന്നതിനെക്കുറിച്ചുമെല്ലാം തൊഴിലാളികൾ പരാതി പറഞ്ഞു. തുടർന്നുള്ള വാക്കേറ്റമാണ് കൈയ്യാങ്കളിയിൽ അവസാനിച്ചത്. ഇടിവള കൊണ്ട് നന്ദുകുമാറും സ്വപൻകുമാറും നവാസിന്റെ മുഖത്ത് ഇടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. കണ്ണിന്റെ ഭാഗത്ത് പൊട്ടലുണ്ട്.
മറ്റ് തൊഴിലാളികളാണ് നവാസിനെ രക്ഷപ്പെടുത്തി പുറത്ത് എത്തിച്ചത്. നാലുമുറി ഷെഡിന് വാടകയായി ഉടമ ഈടാക്കിയിരുന്നത് 46,000 രൂപയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 80 ചതുരശ്ര അടി വരുന്ന മുറികളിൽ ഒൻപതുപേരാണ് കഴിയുന്നത്. ഇതിന് ഒരാളിൽ നിന്നും 1200 രൂപയാണ് വാടകയായി ഈടാക്കുന്നത്. തകര ഷീറ്റ് മേൽക്കൂരയായുള്ള ഉയരം കുറഞ്ഞ നീളത്തിലുള്ള ഷെഡ്. ഇതിൽ നാല് ഇടുങ്ങിയ മുറികളിലായി 34 പേരാണ് താമസിക്കുന്നത്. എല്ലാവർക്കും കൂടി ഉപയോഗിക്കാൻ പൊട്ടിപ്പൊളിഞ്ഞ 3 ശൗചാലയങ്ങളുമാണുള്ളത്. സമീപത്തായുള്ള കിണറ്റിലെ വെള്ളമാണ് ഇവർ കുടിക്കാനുപയോഗിക്കുന്നത്.
Discussion about this post