തെന്മല: മണ്ഡലകാലം പിറന്നതോടെ നടന്നും കാറിലും ട്രെയിനിലുമായി അയ്യപ്പനെ കാണാൻ ശബരിമലയിലേയ്ക്ക് ശക്തർ ഒഴുകിയെത്തുകയാണ്. മണിക്കൂറുകളോളം കാത്തു നിന്നാണ് പലർക്കും ദർശനം തന്നെ ലഭിക്കുന്നത്. വൻ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ഈ വേളയിൽ ഏവർക്കും കൗതുകമാവുകയാണ് ശക്തിവേലിന്റെയും മകൻ പാണ്ഡിയുടെയും ശബരിമലയാത്ര.
നടന്നോ ട്രെയിനോ, കാറിലോ അല്ല ഇവരുടെ യാത്ര. മറിച്ച് ഉന്തുവണ്ടിയിലാണ്. തമിഴ്‌നാട് പുതുക്കോട്ട ജില്ലയിലെ തഞ്ചാവൂരിൽനിന്ന് അഞ്ഞൂറോളം കിലോമീറ്ററാണ് ഇവർ മുച്ചക്രവണ്ടിയിൽ താണ്ടുന്നത്. പതിമൂന്നുവയസ്സുള്ള മകനുമൊത്ത് അൻപത്തഞ്ചുകാരനായ ശക്തിവേലിന്റെ യാത്ര ഏറെ ദൂരം പിന്നിട്ട് കഴിഞ്ഞു. 3 നാൾ കൊണ്ട് ശബരിമലയിലേയ്ക്ക് എത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ.
മഴയും വെയിലും വകവെയ്ക്കാതെയുള്ള 19 ദിവസത്തെ യാത്രയ്ക്കൊടുവിൽ കഴിഞ്ഞദിവസം ഇരുവരും ഒറ്റക്കല്ലിലെത്തി. നല്ല കാലാവസ്ഥയാണെങ്കിൽ ഒരുദിവസം 40 കിലോമീറ്റർവരെ യാത്രചെയ്യാൻ കഴിയുന്നുണ്ട്. എന്നാൽ കേരളത്തിലേക്ക് പ്രവേശിച്ചപ്പോൾ വാഹനത്തിരക്കേറിയിട്ടുണ്ടെന്നും രാത്രിയാത്ര വേണ്ടെന്നാണ് തീരുമാനമെന്ന് ഇവർ പറയുന്നു.
ശക്തിവേൽ 39 വർഷമായും പാണ്ഡി എട്ടുവർഷമായും ശബരിമലയാത്ര നടത്തുന്നുണ്ട്. ഉന്തുവണ്ടിയിൽ ആഹാരം പാകംചെയ്യുന്നതിനുള്ള സാധനങ്ങൾക്കൊപ്പം വസ്ത്രവും സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ, യാത്രയ്ക്കിടയിൽ ക്ഷേത്രങ്ങളിൽനിന്നുള്ള അന്നദാനവും സ്നേഹപൂർവം നൽകുന്ന ഭക്ഷണവും ഇവർ സ്വീകരിക്കുന്നുണ്ട്.
Discussion about this post