വാഗമൺ: സ്കൂളിലെ ലഹരിവിരുദ്ധ പരിപാടിയിൽ മദ്യപിച്ചെത്തിയ അധ്യാപകന് സസ്പെൻഷൻ. വാഗമൺ കോട്ടമല എൽ.പി. സ്കൂളിലെ അധ്യാപകനായ 39കാരൻ ടി.ജി. വിനോദിനെയാണ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയാണ് ടിജി വിനോദ്.
നവംബർ 14- ന് സർക്കാർ നടത്തിയ ലഹരിവിരുദ്ധ പ്രചാരണ പരിപാടിക്കിടെയാണ് അധ്യാപകൻ നാല് കാലിലെത്തിയത്. സംഭവം വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും ശ്രദ്ധയിൽപ്പെട്ടു. ചോദ്യംചെയ്ത പി.ടി.എ. പ്രസിഡന്റുമായി വാക്കേറ്റം നടന്നു. പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്. പോലീസ് നടത്തിയ വൈദ്യപരിശോധനയിൽ അധ്യാപകൻ മദ്യപിച്ചതായി തെളിഞ്ഞു.
മെഡിക്കൽ സർട്ടിഫിക്കറ്റും പോലീസിന്റെ എഫ്.ഐ.ആറും നൽകിയിട്ടും അധ്യാപകനെതിരേ നടപടികൾ സ്വീകരിക്കാത്തത് പ്രതിഷേധത്തിനും വഴിവെച്ചു. അതേസമയം, പ്രതിഷേധങ്ങളും സമ്മർദ്ദങ്ങളും താങ്ങാൻ കഴിയാതെ സ്കൂൾ പ്രഥമാധ്യാപകൻ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഏലപ്പാറ സ്വദേശിയായ 54കാരൻ പി.രാമകൃഷ്ണനാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
നിലവിൽ ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അധ്യാപകന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് ഒരു വിഭാഗവും ശിക്ഷാ നടപടി വേണമെന്ന് മറ്റൊരു വിഭാഗവും പ്രഥമാധ്യാപകൻനുമേൽ സമ്മർദ്ദം ചെലുത്തിയിരുന്നതായി പ്രഥമാധ്യാപകന്റെ ബന്ധുക്കൾ ആരോപിച്ചു.
Discussion about this post