മുൻപോട്ട് അല്ല, പിന്നോട്ട് സഞ്ചരിച്ച് മാതൃകയായി ഇവർ: കുഴഞ്ഞു വീണ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാൻ ‘തിരിച്ചോടി’ കെഎസ്ആർടിസി ബസ്

കാഞ്ഞിരപ്പള്ളി: ബസിൽ കുഴഞ്ഞു വീണ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാൻ സഞ്ചരിച്ച വഴിയിലൂടെ തിരിച്ച് ഓടി കെഎസ്ആർടിസി ബസ്. ഒരു കിലോമീറ്ററോളമാണ് ഒരു ജീവൻ രക്ഷിക്കാൻ ബസ് പാഞ്ഞത്. കനകപ്പലം തടത്തേൽ ടി.ആർ.സജിത് കുമാറിനെയാണു കെഎസ്ആർടിസി നിലമ്പൂർ ഡിപ്പോയിലെ ബസിൽ ഡ്രൈവർ അരീക്കോട് സ്വദേശി പി.ഷെബീർ അലി, കണ്ടക്ടർ മലപ്പുറം സ്വദേശി ടി.കെ.ജയേഷ് എന്നിവർ ആശുപത്രിയിലെത്തിച്ചത്.

നിലമ്പൂരിൽ നിന്നു പത്തനംതിട്ടയിലേക്കു പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവം നടന്നത്. പെരുമ്പാവൂരിൽ നിന്നു കയറിയ സജിത് എരുമേലിക്കാണു ടിക്കറ്റെടുത്തത്. കാഞ്ഞിരപ്പള്ളി-എരുമേലി റോഡിൽ കുളപ്പുറത്ത് എത്തിയപ്പോൾ സജിത് കുഴഞ്ഞ് വീഴുകയായിരുന്നു.

മറുത്ത് ചിന്തിക്കാതെ ഉടൻ ബസ് തിരിച്ച് ഒരു കിലോമീറ്റർ പിന്നിലുള്ള 26ാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി ഭേദപ്പെട്ടതിന് ശേഷമാണ് ബസ് യാത്ര തുടർന്നത്. ബസിൽ ഈ സമയം 32 യാത്രക്കാരാണ് ഉണ്ടായിരുന്നത്. സഹയാത്രികന്റെ ആരോഗ്യനില മെച്ചപ്പെടും വരെ ക്ഷമയോടെ കാത്തിരിക്കാൻ ഈ യാത്രികരും തയ്യാറായിരുന്നു.

Exit mobile version