കണ്ണൂര്‍: ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നതിനെതിരെ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബുറഹ്‌മാന്‍ രണ്ടത്താണിയുടെ പ്രസംഗം വിവാദത്തില്‍. കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിച്ചാല്‍ നാടിന്റെ സംസ്‌കാരം എങ്ങോട്ട് പോകുമെന്നാണ് രണ്ടത്താണി ചോദിക്കുന്നത്.
കണ്ണൂര്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ വിലക്കയറ്റത്തിനും പിന്‍വാതില്‍ നിയമനത്തിനുമെതിരെ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് രണ്ടത്താണിയുടെ പ്രസംഗം.
പഠിപ്പിക്കാന്‍ വേറെ വിഷയം കിടക്കുമ്പോഴാണ് ‘സ്വയംഭോഗവും സ്വവര്‍ഗരതിയും’. കൗമാര പ്രായത്തിലേക്ക് എത്താത്ത കുട്ടികളെ ഒരുമിച്ച് ഇരുത്തിയിട്ട് ഇത് ക്ലാസ് എടുത്ത് കൊടുത്താല്‍ എങ്ങനെയുണ്ടാകും? എന്താകും ആ നാടിന്റെ സംസ്‌കാരം? ആ സംസ്‌കാരം എവിടേക്ക് എത്തും? ഇവര്‍ക്ക് ആവശ്യമെന്താണ്? ധാര്‍മ്മികമായ കാഴ്ച്ചപ്പാടുള്ള വിശ്വാസമുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടരുത്.
Read Also: മക്കള്‍ ഉപേക്ഷിച്ചു: ഒറ്റയ്ക്കായ 70കാരനും 65 കാരിയും വിവാഹിതരായി
സ്ത്രീക്കും പുരുഷനും ഒരുപോലെ നീതി കൊടുക്കാന്‍ ഭരണഘടന പറഞ്ഞിട്ടുണ്ടല്ലോ. സമത്വം ഉണ്ട്. അതാണ് അവര്‍ പറയുന്നത്. ഭരണഘടന അത് മാത്രമല്ല പറയുന്നത്. ഭരണഘടന ഓരോ വ്യക്തിയുടേയും വിശ്വാസം സംരക്ഷിക്കാന്‍ കൂടി പറയുന്നുണ്ട്. മതപരമായ വിശ്വാസം കൊണ്ട് പോലും ചിലര്‍ക്ക് അത് എതിര്‍ക്കപ്പെടേണ്ടി വരും. അത് തെറ്റാണെന്ന് പറയേണ്ടി വരും.
മൗലാന അബ്ദുള്‍ കലാം ആസാദ്, വിദ്യാഭ്യാസ മന്ത്രി. ഡോ. രാധാകൃഷ്ണന്‍ വിദ്യാഭ്യാസ രംഗത്ത് വലിയ സംഭാവന അര്‍പ്പിച്ചയാളാണ്. ഇവരുടെയൊക്കെ കോത്താരി കമ്മീഷന്‍. അതാത് കാലഘട്ടങ്ങളില്‍ വന്ന വിവിധ കമ്മീഷനുകള്‍ ഇന്ത്യയുടെ വിദ്യാഭ്യാസ രീതി എന്താകണമെന്ന് നിര്‍വ്വചിച്ചിട്ടുണ്ട്. ആ നിര്‍വ്വചനത്തില്‍ നില്‍ക്കണം. അവിടെ നിന്നുകൊണ്ട് വേണം വിദ്യാഭ്യാസത്തെ കാണാന്‍. അതിന് പകരം ഈ രീതിയിലൊക്കെ പഠിപ്പിച്ചാല്‍ ശരിയാകുമെന്ന് ആരാണ് പറഞ്ഞത്.’
അതേസമയം, പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ പേരില്‍ ചിലര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നാണ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചത്. മിക്സഡ് ഹോസ്റ്റലും ബെഞ്ചും സര്‍ക്കാരിന്റെ ആലോചനയിലില്ല. യൂണിഫോമിന്റെ കാര്യം തീരുമാനിക്കുന്നത് സ്‌കൂളുകളാണ്. സമയമാറ്റത്തിലും തീരുമാനമായിട്ടില്ല. മതനിഷേധം സര്‍ക്കാര്‍ നിലപാടല്ല, മതപഠനം നഷ്ടപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.