വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് ജയില്‍ മോചനമില്ല; ശിക്ഷ നിര്‍ത്തിവെയ്ക്കണം എന്ന ഹര്‍ജി തള്ളി

കൊച്ചി: സ്ത്രീധന പീഡനം സഹിക്കാനാകാതെ ബിഎഎംഎസ് വിദ്യാര്‍ഥി വിസ്മയ (24) ജീവനൊടുക്കിയ കേസിലെ പ്രതി കിരണ്‍ കുമാര്‍ നല്‍കിയ ഹര്‍ജി തള്ളി കോടതി. വിസ്മയയുടെ ഭര്‍ത്താവായിരുന്ന പ്രതി കിരണ്‍കുമാര്‍ കേസില്‍ ശിക്ഷ നടപ്പാക്കുന്നതു നിര്‍ത്തി വയ്ക്കണം എന്നാവശ്യപ്പെട്ടാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് അപ്പീല്‍ ഹര്‍ജിയില്‍ തീരുമാനം ആകുന്നതു വരെ ശിക്ഷ നടപ്പാക്കുന്നതു നിര്‍ത്തിവയ്ക്കണം എന്നായിരുന്നു പ്രതിയുടെ ആവശ്യം. ജസ്റ്റിസുമാരായ അലക്‌സാണ്ടര്‍ തോമസ്, സോഫി തോമസ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നാണ് വിസ്മയയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ പീഡനമാണ് വിസ്മയയുടെ ആത്മഹത്യയ്ക്കു കാരണമെന്ന ആരോപണം ഉയര്‍ന്നതോടെയാണ് പോലീസ് അന്വേഷണം നടത്തുകയും കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്നു കണ്ടെത്തുകയും ചെയ്തത്. വിചാരണക്കോടതി 10 വര്‍ഷം തടവും, വിവിധ വകുപ്പുകളിലായി 12.55 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു.

Exit mobile version