കാസർകോട്: കല്യാണ വിരുന്ന് കഴിഞ്ഞ് മടങ്ങുന്നതിനിടെ കാർ മരത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതിക്കും കുഞ്ഞിനും ദാരുണ മരണം. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ചെർക്കള-ജാൽസൂർ അന്തസ്സംസ്ഥാനപാതയിൽ കേരള-കർണാടക അതിർത്തി പ്രദേശമായ പരപ്പ വില്ലേജ് ഓഫീസിന് സമീപം മുഡൂരിൽ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അപകടം നടന്നത്.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗ്വാളിമുഖ കൊട്ടിയാടിയിലെ തേങ്ങവ്യാപാരി ഷാനവാസിന്റെ ഭാര്യ ഷഹദ (30), മകൾ ഷസ ഫാത്തിമ (മൂന്ന്) എന്നിവരാണ് മരിച്ചത്. ഷാനവാസിന്റെ പിതൃസഹോദരി ബീഫാത്തിമ (64), അവരുടെ മകൻ അഷ്റഫ് (45), സഹോദരനായ ഹനീഫയുടെ ഭാര്യ മിസ്രിയ (32), മകൾ സഹറ (ആറ്), മറ്റൊരു സഹോദരൻ യാക്കൂബിന്റെ ഭാര്യ സെമീന (28), മകൾ അൽഫ ഫാത്തിമ (അഞ്ച്) എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്.
കഴിഞ്ഞ ദിവസം ഗോളിത്തടിയിൽ നടന്ന ബന്ധുവിന്റെ വിവാഹത്തോടനുബന്ധിച്ച വിരുന്നിൽ പങ്കെടുത്തുള്ള മടക്കയാത്രയിലാണ് അപകടം നടന്നത്. സമദ്, സഫ്വാൻ, ഷമ്മാസ് എന്നിവരാണ് ഷഹദയുടെ മറ്റു മക്കൾ.