റേഷന്‍ കുത്തരിയും ഗോതമ്പും മോഷ്ടിച്ച് കടത്തി; മാവേലിക്കരയിലെ സപ്ലൈകോ ജീവനക്കാരന്‍ ഉള്‍പ്പടെ അറസ്റ്റില്‍

മാവേലിക്കര: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സംഭരണ കേന്ദ്രത്തില്‍ നിന്ന് റേഷന്‍ കുത്തരിയും ഗോതമ്പും മോഷ്ടിച്ച കേസില്‍ സപ്ലൈകോ ജീവനക്കാര്‍ അറസ്റ്റില്‍. മാവേലിക്കര തട്ടാരമ്പലം സംഭരണകേന്ദ്രത്തിലെ സീനിയര്‍ അസിസ്റ്റന്റ് (ഗ്രേഡ്-2) തിരുവനന്തപുരം നെടുമങ്ങാട് ഉഴമലയ്ക്കല്‍ പുതുക്കുളങ്ങര അശ്വനി വീട്ടില്‍ രാജു, വാതില്‍പ്പടി റേഷന്‍വിതരണ കേന്ദ്രം നടത്തുന്ന ഹരിപ്പാട് ചെറുതന പണിക്കര്‍ വീട്ടില്‍ സന്തോഷ് വര്‍ഗീസ്, ചെറിയനാട് കിഴക്കുംമുറി പ്ലാന്തറയില്‍ ജോസഫ് സുകു, മിനിലോറി ഡ്രൈവര്‍ ഹരിപ്പാട് മണ്ണാറശാല നക്രാത്ത് കിഴക്കതില്‍ വിഖില്‍ എന്നിവരാണ് പിടിയിലായത്.

ശനിയാഴ്ച ഉച്ചയോടെയാണ് തട്ടാരമ്പലത്തെ സംഭരണകേന്ദ്രത്തില്‍ നിന്നും രേഖകളില്ലാതെ അരിയും ഗോതമ്പും പുറത്തേക്ക് കൊണ്ടുപോയത്. ചുമതലക്കാരനായ ഉദ്യോഗസ്ഥന്‍ പുറത്തുപോയ സമയം നോക്കിയാണ് സംഘം ധാന്യങ്ങള്‍ കടത്തിയത്. തുടര്‍ന്ന് ചുമതലക്കാരനായ ഉദ്യോഗസ്ഥന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അന്വേഷത്തിനൊടുവില്‍ മാവേലിക്കര പോലീസാണ് പ്രതികളെ പിടികൂടിയത്. ചെങ്ങന്നൂര്‍ താലൂക്കിലെ റേഷന്‍ കടകളില്‍ വിതരണം ചെയ്യാനുള്ള ഭക്ഷ്യധാന്യങ്ങള്‍ തട്ടാരമ്പലത്തെ സംഭരണകേന്ദ്രത്തിലാണ് സൂക്ഷിക്കുന്നത്. ഇവിടെ നിന്നും 40 ചാക്ക് അരി, 20 ചാക്ക് ഗോതമ്പ്, ഇവ കടത്താനുപയോഗിച്ച ലോറി, ടെംബോവാന്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

സംഭരണകേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഇവിടെ നിന്ന് സാധനങ്ങള്‍ കൊണ്ടുപോയ മിനിലോറി തിരിച്ചറിഞ്ഞതോടെ നീക്കങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു.

also read- സഹായിക്കാനെത്തി സ്വന്തം പോക്കറ്റ് നിറയ്ക്കുന്നവര്‍; കിടപ്പുരോഗിയുടെ വീഡിയോ പ്രചരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തവര്‍ക്കെതിരെ പോലീസ് കേസ്

ഇതിനോടകം തന്നെ പ്രതികള്‍ കടത്തിയ ഭക്ഷ്യധാന്യം ഞായറാഴ്ച ഉച്ചയോടെ പെരിങ്ങേലിപ്പുറം,കാരയ്ക്കാട് എന്നിവിടങ്ങളിലെ ഓരോ റേഷന്‍കടകളില്‍ എത്തിച്ചു. അവധി ദിവസം സാധനങ്ങളെത്തിച്ചെന്നതിനാലും ബില്ലു നല്‍കാത്തതിനാലും കടക്കാര്‍ സാധാനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നില്ല.

പിന്നീട്, തിങ്കളാഴ്ച രാവിലെ ബില്ലെത്തിക്കാമെന്ന് ഉറപ്പ് നല്കിയതിനെ തുടര്‍ന്ന് കടക്കാര്‍ സാധനങ്ങള്‍ വാങ്ങിവെച്ചു. പ്രതികളെ കുറിച്ച് വിവരം ലഭിച്ചതോടെ പോലീസ് നാലുപേരെയും പിടികൂടുകയായിരുന്നു. തുടര്‍ന്ന് കടകളില്‍ നിന്ന് അരിയും ഗോതമ്പും കണ്ടെടുത്തു.

നിലവില്‍ തട്ടിപ്പിന് വലിയ വ്യാപ്തിയുണ്ടെന്നാണ് നിഗമനം. സപ്ലൈകോ വിജിലന്‍സ് വിഭാഗം ഗോഡൗണിലെ നീക്കിയിരിപ്പ് പരിശോധിച്ചുവരികയാണ്. റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Exit mobile version