ശാസ്താംകോട്ട: പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ആയിക്കുന്നം വലിയവീട്ടിൽ കിഴക്കതിൽ സ്മിതാകുമാരിയുടെ മരണം അതിക്രൂരമായ മർദ്ദനം മൂലമെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോലീസ് സർജൻ ഡോ. എം.എം.സീമ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കൊടിയ മർദ്ദനം അനുഭവിച്ചതായി പറയുന്നത്. അടിയേറ്റ് തലയോട്ടി തകർന്നു.
തലയുടെ മധ്യഭാഗത്തുകൂടി മൂക്കിന്റെ ഭാഗംവരെ ഏഴ് സെന്റിമീറ്ററോളം നീളത്തിലും ആഴത്തിലും മുറിവുണ്ട്. തലച്ചോറ് അടിയേറ്റു തകർന്നു. രക്തക്കുഴലുകൾ പൊട്ടി. ഇതാണ് പ്രധാന മരണകാരണമായി പറയുന്നത്. കൈകാലുകളുടെ മുട്ടുകൾ അടിച്ചൊടിച്ചു. ഏഴിഞ്ചുമുതൽ ആഴത്തിലുള്ള മുറിവുകൾ കക്ഷങ്ങളിലും കൈത്തണ്ടകളിലുമുണ്ട്.
ശരീരത്തിന്റെ പിൻഭാഗത്ത് അഞ്ച് സെന്റിമീറ്റർ ആഴത്തിൽ മുറിവുണ്ട്. ആന്തരികമായും മാരകമായി ക്ഷതമേറ്റു. മൂക്കിന്റെ പാലവും തകർത്തതായും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ നവംബർ 26-ന് വൈകീട്ടാണ് സ്മിത കുമാരിയെ പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.
ശ്വാസതടസ്സത്തെ തുടർന്ന് സ്മിതയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് 29-ന് വൈകീട്ട് ആറോടെ ഭർത്താവ് ഉണ്ണിക്കൃഷ്ണപിള്ളയെ അറിയിച്ചു. അദ്ദേഹം ബന്ധുക്കളുമായി ആശുപത്രിയിലെത്തിയെങ്കിലും സ്മിതയെ കാണാൻ അനുവദിച്ചില്ല. മരിച്ചശേഷമാണ് അവിടെ എത്തിച്ചതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ അറിഞ്ഞു. പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്.
Discussion about this post