കൊച്ചി: നിയമസഭയില്‍ മന്ത്രി വിഎന്‍ വാസവന്‍ നടത്തിയ ‘കോണ്‍ഗ്രസിന് ഇപ്പോള്‍ ഇന്ദ്രന്‍സിന്റെ വലിപ്പം’ പരാമര്‍ശത്തില്‍ പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ്. മന്ത്രിയുടെ പരാമര്‍ശത്തില്‍ ബോഡി ഷെയിമിംഗ് തോന്നിയിട്ടില്ലെന്നും സംഭവത്തില്‍ വിഷമമോ ബുദ്ധിമുട്ടോ തോന്നിയിട്ടില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
‘മന്ത്രി അങ്ങനെ പറഞ്ഞതില്‍ എനിക്ക് വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാകില്ല. അത് സത്യമല്ലേ?. ഞാന്‍ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിംഗ് ഒന്നും തോന്നുന്നില്ല. ഞാനെന്താണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്.”-ഇന്ദ്രന്‍സ് മനോരമ ഓണ്‍ലൈനോട് പറഞ്ഞു.
അതേസമയം, മന്ത്രി വാസവന്റെ പരാമര്‍ശം വിവാദമായതോടെ നിയമസഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തതെന്ന് സ്പീക്കര്‍ അറിയിച്ചു. പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വാസവന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ വിജയവും ഹിമാചലിലെ സിപിഎമ്മിന്റെ തോല്‍വിയും ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ അംഗങ്ങളുടെ ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കവെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.
”സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി തന്നതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി?. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പൊതുവിലെടുത്താല്‍ ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നു.” എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.