ഉദയംപേരൂര്‍: വീട്ടുകാര്‍ പോലും 15 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടത് അറിയാതിരുന്നിട്ടും ആരും അവകാശവാദവുമായി എത്താതിരുന്നിട്ടും ഉടമകളെ തേടി തിരികെ സ്വര്‍ണം നല്‍കി ഹരിതകര്‍മസേന.
ഉദയംപേരൂര്‍ 13-ാം വാര്‍ഡിലെ ഹരിതകര്‍മ സേനാംഗങ്ങളായ നാട്ടുവഴി വെളിയില്‍ റീജ സന്തോഷ്, പുതുക്കുളങ്ങരയില്‍ സുജി വിനിഷ് എന്നിവരാണ് പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നു കിട്ടിയ സ്വര്‍ണം ഉടമസ്ഥരെ ഏല്‍പ്പിച്ചത്.
തങ്ങളുടെ വീട്ടില്‍നിന്നും നല്‍കിയ മാലിന്യക്കിറ്റില്‍ 15 ഓളം പവന്റെ ആഭരണങ്ങളുണ്ടെന്ന കാര്യമറിയാതെയാണ് വീട്ടുകാര്‍ കഴിഞ്ഞിരുന്നത്. ഈ സ്വര്‍ണം മാലിന്യം വേര്‍തിരിക്കുന്നതിനിടെ ലഭിച്ചിട്ടും കണ്ണുമഞ്ഞളിക്കാതെ ഉടമയ്ക്ക് തിരികെനല്‍കി ഹരിതകര്‍മസേനാംഗങ്ങള്‍ മാതൃകയാവുകയായിരുന്നു.
ഈ വാര്‍ഡിലെ രാജേഷ് എന്നയാളുടെ വീട്ടില്‍നിന്ന് ചാക്കില്‍ നല്‍കിയ അജൈവ മാലിന്യങ്ങള്‍ തരംതിരിക്കുമ്പോഴാണ് പേഴ്സ് കിട്ടിയത്. തുറന്നുനോക്കിയപ്പോള്‍ അതില്‍ സ്വര്‍ണമാലയും വളയും മറ്റ് ആഭരണങ്ങളുമായിരുന്നു. ഇവര്‍ ഉടനെ തന്നെ വീട്ടുകാരെ കണ്ടെത്തി വിളിച്ചറിയിക്കുകയും ആഭരണങ്ങളടങ്ങിയ പേഴ്സ് കൈമാറുകയായിരുന്നുവെന്ന് പഞ്ചായത്തിലെ ഹരിതകര്‍മ സേനയുടെ പ്രസിഡന്റ് കൂടിയായ റീജ പറഞ്ഞു.
അതേസമയം, സത്യസന്ധത കാണിച്ച ഹരിതകര്‍മ സേനാംഗങ്ങളെ വാര്‍ഡ് വികസനസമിതി അനുമോദിച്ചു. സുധ നാരായണന്‍ ചടങ്ങില്‍ അധ്യക്ഷയായിരുന്നു.