തിരുവനന്തപുരം: ദുര്‍മരണങ്ങളുടെ ശാപം മാറാനെന്ന പേരില്‍ വെള്ളായണിയില്‍ പൂജയ്ക്കിടെ സ്വര്‍ണവും പണവും മോഷ്ടിച്ച പരാതിയില്‍ വിശദീകരണവുമായി ആള്‍ദൈവം കളിയിക്കാവിള സ്വദേശി വിദ്യ.
സ്വര്‍ണം മോഷ്ടിച്ചതല്ല, പരാതിക്കാര്‍ പണയം വെക്കാനായി നല്‍കിയതാണെന്ന് വിദ്യ അവകാശം വാദിച്ചു. ആള്‍ദൈവമായി പൂജകള്‍ നടത്താറില്ലെന്നും വിദ്യ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വിദ്യയ്ക്കും കുടുംബത്തിനുമെതിരെ വെള്ളായണിക്കാരന്‍ വിശ്വംഭരനെന്ന ആളാണ് പരാതി നല്‍കിയിരിക്കുന്നത്. ദുര്‍മരണങ്ങളുടെ ശാപം മാറാനുള്ള പൂജയുടെ മറവില്‍ 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും മോഷ്ടിച്ചെന്നാണ് വിശ്വംഭരന്റെ പരാതി.
അതേസമയം, ഈ സ്വര്‍ണം കൈവശമുണ്ടെന്ന് സമ്മതിച്ച വിദ്യ അതൊന്നും മോഷ്ടിച്ചതെല്ലന്നാണ് പറയുന്നത്. ക്ഷേത്രത്തിലെ കടബാധ്യത തീര്‍ക്കാനായി അവര്‍ തന്നെ നല്‍കിയതാണെന്നും അവകാശപ്പെട്ടിരിക്കുകയാണ്.
വെള്ളായണിയിലെ വീട്ടില്‍ പോയിട്ടുണ്ടെങ്കിലും പൂജ നടത്തിയിട്ടിയില്ല, ആള്‍ദൈവമല്ല, കുടുംബക്ഷേത്രവുമായി ബന്ധപ്പെട്ടാണ് പൂജകളെന്നും വിദ്യ പറഞ്ഞു. പകുതി സ്വര്‍ണം തിരികെ നല്‍കിയെന്നും അവശേഷിക്കുന്നവ 21ന് നല്‍കുമെന്നും പോലീസിനെ അറിയിച്ചിട്ടുണ്ട്.