പാലക്കാട്: വീണ്ടും ചികിത്സയ്ക്കായി കിലോമീറ്റുറുകള്‍ നടക്കേണ്ട ഗതികേടില്‍ അട്ടപ്പാടിയിലെ സാധാരണക്കാര്‍. ഇത്തവണ പൂര്‍ണഗര്‍ഭിണിയായ യുവതിയെയാണ് പ്രസവ ചികിത്സയ്ക്കായി തുണിയില്‍കെട്ടി ചുമന്ന് നടന്ന് ആശുപത്രിയിലെത്തിച്ചത്.
ഗര്‍ഭിണിയായ സുമതി മുരുകനെയാണ് ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സില്‍ കയറ്റുന്നതിനു വേണ്ടി കാട്ടുവഴിയിലൂടെ മൂന്നു കിലോമീറ്ററോളം നാട്ടുകാര്‍ ചേര്‍ന്ന് തുണിയില്‍ കെട്ടി ചുമന്നത്. ആശുപത്രിയില്‍ എത്തിച്ചതിന് തൊട്ടുപിന്നാലെ സുമതി പ്രസവിക്കുകയും ചെയ്തു.
കടുകുമണ്ണ ഊരില്‍നിന്ന് അര്‍ധരാത്രിയോടെയാണ് നാട്ടുകാര്‍ സുമതിയെ ആംബുലന്‍സില്‍ എത്തിച്ചത്. പിന്നീട് യുവതിക്ക് തുണയായത് ആരോഗ്യ പ്രവര്‍ത്തകരാണ്. പുതൂര്‍ പഞ്ചായത്തിലെ പ്രാക്തന ഗോത്രവര്‍ഗ്ഗക്കാരായ കുറുമ്പര്‍ താമസിക്കുന്ന ഊരാണ് കടുക് മണ്ണ. പുറം ലോകവുമായി ഇവരുടെ ബന്ധം ഒരു തൂക്കുപാലം മാത്രമാണ്.
ഭവാനിപ്പുഴക്ക് കുറുകേ കെട്ടിയ ഈ പാലം കടന്ന് മൂന്നു കിലോമീറ്ററോളം വന്യമൃഗശല്യം ഉള്ള കാടിന് ഉള്ളില്‍ കൂടി നടന്ന് ആനവായി എത്തിയാലാണ് വാഹനം ലഭിക്കുക.
കഴിഞ്ഞദിവസം അര്‍ധരാത്രി 12.45ഓടു കൂടിയാണ് സുമതിക്ക് പ്രസവ വേദന ആരംഭിച്ചത്. തുടര്‍ന്ന് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായ പ്രിയ ജോയിയെ ഇവര്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സ് സൗകര്യത്തിനായി പല സ്ഥലങ്ങളിലേക്ക് വിളിച്ചെങ്കിലും ലഭിച്ചിരുന്നില്ല. നിരന്തര പരിശ്രമങ്ങള്‍ക്ക് ശേഷം 2.30ന് കോട്ടത്തറയില്‍നിന്നും ഉള്ള 108 ആംബുലന്‍സ് എത്തുകയായിരുന്നു.
also read- വീണ്ടും ചാമ്പ്യന്മാരാകാന്‍ ഫ്രാന്‍സ്; ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി സെമിയില്‍
പല സ്വകാര്യ വാഹനങ്ങളെയും വിളിച്ചെങ്കിലും ആനയുടെ ആക്രമണമുള്ള സ്ഥലമായതിനാല്‍ ആരും വരാന്‍ തയ്യാറായില്ല. 2.30ഓടെ വാഹനം എത്തിയെങ്കിലും മഴയില്‍ നനഞ്ഞ് തെന്നിക്കിടന്ന റോഡ് കാരണം കടുക് മണ്ണ ഊരിലേക്ക് വാഹനത്തിന് കടക്കാനായില്ല. ആനവായില്‍ തന്നെ ആംബുലന്‍സ് നിര്‍ത്തേണ്ടി വന്നു.
ഇതോടെയാമ് മഴ മൂലം തെന്നിക്കിടന്ന കുത്തനെയുള്ള കാട്ടുപാതയെയും കാട്ടാന പേടിയേയും വകവെയ്ക്കാതെ നാട്ടുകാര്‍ സുമതിക്ക് രക്ഷകരായത്. സുമതിയെ തുണിയില്‍കെട്ടി ചുമന്ന് ആനവായ് വരെ എത്തിക്കുകയായിരുന്നു. ഇവര്‍ന്ന നടന്നെത്താന്‍ നന്നേ കഷ്ടപ്പെട്ടതോടെ പുലര്‍ച്ചെ അഞ്ചോടെയാണ് ആനവായ് എത്തുന്നത്. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു.
Discussion about this post