കൊച്ചി: സിനിമാ സെറ്റിലെ നടന്മാരുടെ പെരുമാറ്റത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മേക്കപ്പ് ആര്‍ടിസ്റ്റ് രഞ്ജു രജ്ഞിമാര്‍. സിനിമയുടെ ഷൂട്ടിനിടെ താന്‍ ഉള്‍പ്പെടുന്ന അണിയറ പ്രവര്‍ത്തകര്‍ നേരിട്ട ദുരനുഭവമാണ് ട്രാന്‍സ്ജെന്റര്‍ ആക്ടിവിസ്റ്റ് കൂടിയായ രഞ്ജു വെളിപ്പെടുത്തിയത്.
കൃത്യസമയത്ത് സെറ്റില്‍ വരാതിരിക്കുക, കോ ആര്‍ടിസ്റ്റുമാരോട് മോശമായി പെരുമാറുക, കൂടെ അഭിനയിക്കുന്നത് സ്ത്രീയാണെന്ന മാന്യത പോലും കല്‍പ്പിക്കാതിരിക്കുക, അല്‍പ്പവസ്ത്രം ഇട്ട് സെറ്റിലൂടെ ഓടിച്ചാടി കളിക്കുക തുടങ്ങി യാതൊരു മര്യാദയുമില്ലാതെയാണ് ഒരു നടന്‍ സിനിമാ സെറ്റില്‍ പെരുമാറിയതെന്ന് രഞ്ജു പറഞ്ഞു. ഇവന്മാരുടെ പേക്കൂത്തുകള്‍ ഇന്‍ഡസ്ട്രി അറിയുന്നില്ലേ. ഇവന്മാര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്. അസോസിയേഷന്‍ നിയന്ത്രിച്ചില്ലെങ്കില്‍ പ്രമുഖ നടന്മാര്‍ മുന്നിട്ടിറങ്ങണം.’ രൂക്ഷഭാഷയില്‍ രഞ്ജു വിമര്‍ശിച്ചു.
പ്രസ്തുത നടന്റെ പ്രവര്‍ത്തി കാരണം ഒമ്പത് മണിക്ക് തീര്‍ക്കേണ്ട സീനുകള്‍ പുലര്‍ച്ചെ അഞ്ച് മണിവരെ നീണ്ടുപോവുകയും ഉറക്കം ഒഴിച്ച് കാത്തിരിക്കേണ്ടിയും വരികയായിരുന്നു. ‘ഷഫീക്കിന്റെ സന്തോഷം’ പ്രതിഫലവുമായി ബന്ധപ്പെട്ട് ഉണ്ണിമുകുന്ദന്‍-ബാല വിവാദത്തില്‍ ചാനല്‍ ചര്‍ച്ചയിലായിരുന്നു രഞ്ജുവിന്റെ പ്രതികരണം.
ആരോപണം ഉയര്‍ന്ന നടന്റെ പേര് പരാമര്‍ശിക്കാന്‍ ധൈര്യമില്ലേയെന്ന് ചര്‍ച്ചക്കിടെ പ്രൊഡ്യൂസര്‍ സജി നന്ത്യാട്ട് ചോദിച്ചതോടെ, ‘മലയാള സിനിമാ ചരിത്രത്തില്‍ 137 റീടേക്ക് എടുത്ത നിമിഷമായിരിക്കും അന്ന്. നടന്റെ പേര് സാറ് തന്നെ പറഞ്ഞു. വിമാനത്തില്‍ ചാടി കയറാന്‍ പോയിട്ടുണ്ട്.’ എന്നായിരുന്നു രഞ്ജുവിന്റെ മറുപടി.