കൊച്ചി: പത്താം ക്ലാസ് വരെ വിദ്യാഭ്യാസുമുള്ള കൂലിപ്പണിക്കാരനായ യുവാവിന്റെ സങ്കടകഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാ വിഷയം. വിദ്യാഭ്യാസ യോഗ്യതയും തൊഴിലും കാരണം വിവാഹം ശരിയാകുന്നില്ലെന്നും താല്പര്യമുള്ളവര് അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചാണ് യുവാവ് ഫേസ്ബുക്ക് ലൈവില്‍ എത്തിയിരിക്കുന്നത്. കൊല്ലം ജില്ലയിലെ പേരമൂട് സ്വദേശി രാഹുലാണു വിവാഹിതനാകാനുള്ള തന്റെ എല്ലാ മാര്‍ഗങ്ങളും പരാജയപ്പെട്ടതിനാല്‍ ഇത്തരമൊരു ശ്രമം നടത്തിയത്.
തന്റെ വിവാഹക്കാര്യം സംസാരിക്കാന്‍ പലര്‍ക്കും നാണക്കേടാണെന്നും അവരെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതിയാണു വിഡിയോ ചെയ്തതെന്നും ഇയാള്‍ പറഞ്ഞു.”എനിക്ക് 29 വയസ്സുണ്ട്. എന്റെ നക്ഷത്രം ഭരണിയാണ്. എസ്എസ്എല്‍സിയാണു വിദ്യഭ്യാസം. കൂടുതല്‍ വിദ്യഭ്യാസമൊന്നുമില്ല. കൂലിപ്പണിയാണ്. അതെവിടെയും നിവര്‍ന്നു നിന്നു പറയാനുള്ള തന്റേടമുണ്ട്. അതില്‍ അത്മാഭിമാനക്കുറവ് ഒന്നും തന്നെയില്ല. തൊഴിലും വിദ്യഭ്യാസ യോഗ്യതയുമാണു പ്രധാന പ്രശ്നം.”
രാഹുല്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണു അച്ഛനു സുഖമില്ലാകുന്നത്. തുടര്‍ന്നു വീടിന്റെ ചുമതല ഏറ്റെടുത്തതോടെ പഠനം നിലച്ചു. ഏഴു വര്‍ഷം മുന്‍പ് അച്ഛന് മരിച്ചു. ഇതിനിടയില്‍ സ്ഥിര വരുമാനമുള്ള ഒരു തൊഴില്‍ കണ്ടെത്താനായില്ല. ”ഈ കാണുന്ന ആര്‍ക്കെങ്കിലും അനുകമ്പ തോന്നുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ ഈ പറയുന്നതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടെന്നു തോന്നുന്നുവെങ്കില്‍ ഇതു ഷെയര്‍ ചെയ്യണം. വിദ്യഭ്യാസം കുറവായ സാധാരണ ഒരു കൂലിപ്പണിക്കാരനായ ഒരാളുടെ കൂടെ, കൂലിപ്പണിക്കാരനെന്നു ഞാന്‍ പറയുമ്പോ വേറെ ഒന്നു കൂടെ പറയണം എന്തായാലും കൂടെ വരുന്ന ആളെ പട്ടിണക്കടാതെ നോക്കാനുള്ള ആരോഗ്യവും തന്റേടവും എനിക്കുണ്ട്. പതിനാറാമത്തെ വയസ്സു മുതല്‍ ഇതുവരെ കൂലിപ്പണി എടുത്താണു ജീവിച്ചത്.”- രാഹുല്‍ പറയുന്നു
ആലോചനയുമായി വന്നിട്ട് പിന്നീട് വേണ്ടെന്നു പറഞ്ഞു ബുദ്ധിമുട്ടാതിരിക്കാനാണ് എല്ലാകാര്യങ്ങളും വ്യക്തമാക്കുന്നത്. അച്ഛനെന്നു പറയുന്നത് വലിയൊരു ശക്തിയാണെന്നും ഇല്ലാതെ വരുമ്പോള്‍ നാഥനില്ലാത്തെ അവസ്ഥയാണെന്നും ഇദ്ദേഹം പറയുന്നു. ഒരു കല്യാണം താലിമാല വരെ വാങ്ങിയശേഷം മുടങ്ങി പോകുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാമെന്നും താല്പര്യമുള്ളവര് ബന്ധപ്പെടാനും അഭ്യര്‍ത്ഥിക്കുന്നതാണ് യുവാവിന്റെ വീഡിയോ.
Discussion about this post