‘ശരിയാക്കി തരണം’ കളക്ടർ കൃഷ്ണ തേജയുടെ മുന്നിലെത്തി അഭ്യർത്ഥനയുമായി അഞ്ചംഗ കുട്ടി സംഘം

മാന്നാർ: റോഡിന്റെ ശോചനീയാവസ്ഥ അറിയിക്കാൻ കളക്ടർ കൃഷ്ണ തേജയ്ക്ക് അരികിലേയ്ക്ക് എത്തി അഞ്ചംഗ കുട്ടി സംഘം. വർഷങ്ങളായി തകർന്നു കിടന്ന മാന്നാർ മൂർത്തിട്ട മുക്കാത്താരി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കമെന്നാവശ്യപ്പെട്ടാണ് കുട്ടികൾ കൃഷ്ണ തേജയെ തേടിയെത്തിയത്.

മാന്നാർ നായർ സമാജം ഗേൾസ് സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാർഥിനി അംന ഫാത്തിമ, 5ാം ക്ലാസ് വിദ്യാർഥിനി നിമ ഫാത്തിമ, പരുമല സെമിനാരി സ്‌കൂളിലെ 4ാം ക്ലാസ് വിദ്യാർഥിനി അഖില, നായർ സമാജം അക്ഷര സ്‌കൂളിലെ 4ാം ക്ലാസ് വിദ്യാർഥിനി സ്വാലിഹ, മാവേലിക്കര ഇൻഫന്റ് ജീസസ് സ്‌കൂളിലെ 2ാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഹാതിം എന്നിവരാണ് പരാതി ബോധിപ്പിക്കാനെത്തിയത്.

മാന്നാർ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ 1, 2, 3, 4 വാർഡുകളിലൂടെ കടന്നു പോകുന്ന ഈ റോഡു പ്രളയം കാരണവും ജലജീവൻ ശുദ്ധജല വിതരണ പദ്ധതിയുടെ കുഴിയെടുത്തപ്പോഴുമാണ് പൂർണ്ണമായും തകർന്നത്. പരാതി മാന്നാർ പഞ്ചായത്ത് അധികൃതർക്കു കൈമാറി നടപടിക്കായി ശുപാർശ ചെയ്യുമെന്നു കളക്ടർ അറിയിച്ചതായി ഈ കുട്ടി സംഘമറിയിച്ചു.

Exit mobile version