തിരുവനന്തപുരം: ‘ഞങ്ങളെ ആർക്കും വേണ്ട’ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രതീക്ഷകളെല്ലാം അവസാനിച്ച് കിടപ്പിലായ 42ഓളം പേരുടെ വാക്കുകളാണ് ഇത്. വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാൻ ഇനി മക്കളോ സ്വന്തബന്ധങ്ങളോ വരില്ലെന്ന് തിരിച്ചറിഞ്ഞതോടെ ആശുപത്രി വിട്ടാൽ ഇനിയെന്ത് എന്ന ചോദ്യവുമായി കഴിയുകയാണ് ഇവർ. തങ്ങളുടെ പേരുകളും വിലാസങ്ങളും പുറത്ത് വിടരുതെന്ന് മാധ്യമങ്ങളോട് ഈ വയോധികർ അപേക്ഷിച്ചു.
ഈ വാക്കുകളും നിറഞ്ഞ കണ്ണുകളിലും ഉപേക്ഷിച്ച മക്കളോടുള്ള കരുതൽ പ്രകടമായിരുന്നു. ഒരു നിമിഷത്തിൽ അനാഥരായ ഇക്കൂട്ടത്തിൽ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരും മുൻ അഭിഭാഷകരും മുതൽ കൂലിത്തൊഴിലാളികളും പെടുന്നുണ്ട്. ശരീരം തളർന്നു ശയ്യാവലംബിയായ മുപ്പതുകാരനും പ്രായാധിക്യം പാടേ തളർത്തിയ എൺപതുകാരനും ഇക്കൂട്ടത്തിലുണ്ട്. മക്കൾ 3 പേരുണ്ട്; വളർത്തുമകളെക്കൂടി ചേർത്താൽ നാലായി.
തുടയെല്ല് ഒടിഞ്ഞു ശയ്യാവലംബിയായി ആശുപത്രിയിൽ കിടക്കുമ്പോൾ തിരിഞ്ഞുനോക്കാൻ ഒരാൾ പോലും ഉണ്ടായിരുന്നില്ലെന്ന് എഴുപത്തിയാറുകാരൻ പറയുന്നു. ഇനിയുള്ള ഭാവി എന്തെന്നും ഇദ്ദേഹത്തിന് അറിയില്ല. ഉള്ള സമ്പാദ്യം വീതിച്ചു കൊടുത്തു മക്കൾക്കു നിറമുള്ള ജീവിതം നൽകി ഉപേക്ഷിച്ചക്കപ്പെട്ടവരുടെ വേദനയും ഇവിടെ കാണാൻ സാധിക്കും.
സ്വത്തു കണക്കിൽ തർക്കമുണ്ടായി പേരക്കുട്ടിയുടെ ഭർത്താവ് കാലു തല്ലിയൊടിച്ച വേദനയുമായി ഒരു മുത്തച്ഛനും ഉണ്ട് ഈ 42 പേരുടെ കൂട്ടത്തിൽ. ഓർത്തോ വിഭാഗത്തിൽ മാത്രം 16 പേരാണ് ഇത്തരത്തിൽ ബന്ധുക്കൾ ഉപേക്ഷിച്ച നിലയിലുള്ളത്. കുറച്ചുപേരെ ജോലിസ്ഥലത്ത് അപകടം പറ്റി സഹപ്രവർത്തകർ കൊണ്ടുവന്നതാണ്. പരിക്കേറ്റ് വഴിയിൽ കിടക്കുമ്പോൾ ആശുപത്രിയിൽ ആരെങ്കിലും എത്തിച്ചവരുമുണ്ട്. വിലാസം കണ്ടുപിടിച്ച് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചെങ്കിലും ആരും എത്തിയില്ല എന്നത് വേദനയാകുന്നു.