കൊച്ചി: അനാഥ മൃഗങ്ങള്‍ക്കായുള്ള അഭയ കേന്ദ്രത്തില്‍ കോടികളുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. എറണാകുളം പെരുമ്പാവൂര്‍ വനം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആഭയാരണ്യത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. വന്യ മൃഗങ്ങളുടെ പേരില്‍ നടന്ന ഈ വെട്ടിപ്പ് കണ്ടെത്തിയതും വനം വകുപ്പ് തന്നെയാണ്.
മ്ലാവുകളുടെ തീറ്റ ചെലവ് ഇനത്തില്‍ ഇല്ലാത്ത മ്ലാവുകളുടെ എണ്ണം പെരുപ്പിച്ച് കാട്ടിയാണ് തട്ടിപ്പ് നടന്നത്. വനം വകുപ്പിനു കീഴിലുള്ള കപ്രിക്കാട് അഭയാരണ്യം എന്ന അനാഥ മൃഗങ്ങള്‍ക്കായുള്ള അഭയ കേന്ദ്രത്തില്‍ ആകെയുള്ളത് 134 മ്ലാവുകളാണ്. എന്നാല്‍, ഇവിടുത്തെ റജിസ്റ്ററില്‍ 170 മ്ലാവുകളുണ്ടെന്നാണ് കണക്ക് കാണിച്ചിരിക്കുന്നത്.
170 മ്ലാവുകളുടേയും സംരക്ഷണത്തിന് പ്രതിമാസം ഓരോന്നിനും 8289 രൂപ വീതം തീറ്റക്കായി ചിലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. അഭയ കേന്ദ്രത്തിലില്ലാത്ത 36 മ്ലാവുകളുടെ തീറ്റ ചിലവ് കാണിച്ച് പ്രതിമാസം 2,98,404 രൂപയാണ് എഴുതിയെടുത്തത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ 2019 മുതല്‍ ഈ തട്ടിപ്പ് നടക്കുന്നുവെന്ന് ബോധ്യപ്പെട്ടു.
also read: ചെറുപ്പക്കാര്‍ക്ക് കോണ്ടം സൗജന്യമായി നല്‍കും
അതായത് നാല് വര്‍ഷം കൊണ്ട് മ്ലാവുകളുടെ തീറ്റയില്‍ കൈയിട്ടു വാരി തട്ടിയെടുത്തത് ഒന്നരക്കോടിയോളം രൂപ. സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തുന്നതിന് എറണാകുളം വനം ഫ്ലയിങ് സ്ക്വാഡും വിജിലന്‍സും അന്വേഷണം ആരംഭിച്ചു.
2011 ല്‍ അഭയകേന്ദ്രം ആരംഭിക്കുമ്പോള്‍ 86 മ്ലാവുകളാണ് ഇവിടെ ഉണ്ടായിരുന്നത്. 2019 -20 കാലഘട്ടത്തില്‍ 48 കുഞ്ഞുങ്ങള്‍ ജനിച്ചത് സ്റ്റോക്ക് രജിസ്റ്ററില്‍ രേഖയുണ്ട്. അതായത് ആകെ 134 മ്ലാവുകള്‍. എന്നാല്‍ 170 മ്ലാവുകള്‍ക്കാണ് തീറ്റയിനത്തില്‍ പണം വാങ്ങിക്കൊണ്ടിരുന്നത്. 36 മ്ലാവുകളുടെ എണ്ണം കൂടുതലായി കാണിച്ചു.
ഇതേ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അഭയകേന്ദ്രത്തിലെത്തി മ്ലാവുകളെ എണ്ണിനോക്കി. അപ്പോഴും 134 മ്ലാവുകള്‍ മാത്രമാണ് ഉള്ളത്. ഇതോടെയാണ് ഇല്ലാത്ത കണക്ക് നിരത്തി മ്ലാവുകളുടെ തീറ്റയിനത്തില്‍ കോടികള്‍ തട്ടിയെടുത്ത സംഭവം പുറത്തറിയുന്നത്.
Discussion about this post