ഷൊര്‍ണൂര്‍: ഹൈവേ വിപുലീകരണത്തിന് നഷ്ടപരിഹാരം ആവശ്യപ്പെടാതെ സ്വന്തം സ്ഥലം വിട്ടുനല്‍കി ഒരു കുടുംബം. ഷൊര്‍ണൂരിലെ രമേഷ് ഫെഡ്രിക് ആണ് 100 വര്‍ഷം പഴക്കമുള്ള തന്റെ വീട് ഉള്‍പ്പെടുന്ന 2.7 സെന്റ് സ്ഥലം ഹൈവേ അതോറിറ്റിക്കു കൈമാറിയത്. ഷൊര്‍ണൂര്‍ കൊടുങ്ങല്ലൂര്‍ ഹൈവേ വീതി കൂട്ടുന്നതിനാണ് സ്ഥലം വിട്ടുനല്‍കിയത്.
100 വര്‍ഷം പഴക്കമുള്ള വീടാണ് പൊളിച്ചുമാറ്റിയത്. നോട്ടീസ് പോലും ലഭിക്കാതെയാണ് രമേഷ് ഹൈവേ അതോറിറ്റിയെ സമീപിച്ചു സ്ഥലം നല്‍കാമെന്ന് അറിയിച്ചത്. കയ്യേറ്റം ഒഴിപ്പിക്കാനുള്ള നോട്ടിസ് ലഭിച്ചാലും കോടതിയെ സമീപിച്ച് അനുകൂല വിധി പ്രതീക്ഷിക്കുന്ന കാലത്താണു റോഡ് വീതി കൂട്ടുന്ന വിവരമറിഞ്ഞു സ്വന്തം നിലയ്ക്കു രമേഷ് സ്ഥലം നല്‍കിയിരിക്കുന്നത്.
വര്‍ഷങ്ങളായി ദുബായില്‍ ജോലി ചെയ്യുകയാണു രമേഷ്. ഒരു നാടിന്റെ വികസനത്തിന് വേണ്ടതു നല്ല റോഡാണ് എന്ന തിരിച്ചറിവാണു തന്നെ ഇതിനു പ്രേരിപ്പിച്ചതെന്ന് രമേഷ് പറയുന്നു. ഷൊര്‍ണൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ഷൊര്‍ണൂര്‍ മേഖലയില്‍ പുരോഗമിക്കുകയാണ്.
റോഡിനു വേണ്ടി കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് ഓഫിസിന്റെ ചുറ്റുമതില്‍ പൊളിച്ചിരുന്നു. ബ്രിട്ടിഷ് മാതൃകയില്‍ കരിങ്കല്ലില്‍ നിര്‍മിച്ച ട്വിന്‍ കോട്ടേജാണു പൊളിച്ചു നീക്കിയത്. ഇതു പൈതൃക കാഴ്ചയായി നിലനിര്‍ത്താനായിരുന്നു ആഗ്രഹമെങ്കിലും ഹൈവേ വിപുലീകരണം വന്നതോടെ തീരുമാനം മാറ്റുകയായിരുന്നു.
Discussion about this post