കോഴിക്കോട്: അധികൃതർ അറിയാതെ എംബിബിഎസ് ക്ലാസിൽ പ്ലസ് ടു വിദ്യാർത്ഥിനി ഇരുന്നത് നാല് ദിവസം. കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് സംഭവം. മലപ്പുറം സ്വദേശിനിയായ വിദ്യാർഥിനി തുടർച്ചയായ അഞ്ചാംദിവസം ക്ലാസിൽ ഹാജരാകാതെ വന്നപ്പോഴാണ് സംഭവത്തിന്റെ ചുരുൾ അഴിഞ്ഞത്. മെഡിക്കൽ കോളേജിൽ നവംബർ 29-ന് ഒന്നാംവർഷ വിദ്യാർഥികളുടെ ക്ലാസ് ആരംഭിച്ചു. മൊത്തം 245 പേർക്കാണ് ഇവിടെ പ്രവേശനം ലഭിച്ചത്.
ഇതിനുപുറമെയാണ് പ്ലസ് ടു വിദ്യാർഥിനി കൂടി ക്ലാസിലേയ്ക്ക് കടന്നുകൂടിയത്. എന്നാൽ, നാലുദിവസം കഴിഞ്ഞപ്പോൾ വിദ്യാർഥികളുടെ ഹാജർപട്ടികയും പ്രവേശന രജിസ്റ്ററും തമ്മിൽ താരതമ്യം ചെയ്തപ്പോൾ പൊരുത്ത കേടുകൾ ശ്രദ്ധയിൽപ്പെട്ടു. ഈ കുട്ടിയുടെ പേര് ഹാജർ പട്ടികയിലുണ്ട്. എന്നാൽ, പ്രവേശന രജിസ്റ്ററിൽ ഇല്ല.
നവംബർ 29, 30, ഡിസംബർ ഒന്ന്, രണ്ട് ദിവസങ്ങളിലാണ് ഈ പ്‌ളസ്ടുക്കാരി മെഡിസിൻ ക്‌ളാസിലിരുന്നത്. വാട്‌സാപ്പ് ഗ്രൂപ്പിലും ഫെയ്‌സ് ബുക്കിലുമെല്ലാം പ്ലസ് ടു വിദ്യാർഥിനി തനിക്ക് എം.ബി.ബി.എസിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശനം കിട്ടിയതായി കൂട്ടുകാർക്കെല്ലാം സന്ദേശങ്ങളും അയച്ചിട്ടുണ്ട്. പ്രവേശനയോഗ്യതയില്ലാത്ത കുട്ടിയുടെ പേര് എങ്ങനെ ഹാജർപട്ടികയിൽ വന്നെന്ന കാര്യം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.