കാഞ്ഞങ്ങാട്: അവശനിലയിൽ കണ്ട 14 വയസുകാരനെ ആശുപത്രിയിൽ എത്തിച്ച പോലീസ് പിന്നീടറിഞ്ഞത് കുട്ടി ലഹരിക്ക് അടിമയെന്ന വാർത്തയാണ്. ഒടുവിൽ പോലീസ് തന്നെ കുട്ടിയെ ലഹരിവിമുക്ത കേന്ദ്രത്തിലെത്തിച്ചിരിക്കുകയാണ്. കാഞ്ഞങ്ങാട് തീരദേശത്താണ് കുട്ടിയെ മയക്കുമരുന്ന് അടിമയായി കണ്ടത്. സ്‌കൂൾ അധികൃതരും പോലീസും നടത്തിയ അന്വേഷണത്തിലാണ് ഒൻപതാം ക്ലാസുകാരനായ കുട്ടി ലഹരിക്കടിപ്പെട്ടതായി കണ്ടെത്തിയത്.
അന്വേഷണത്തിൽ സ്‌കൂൾ കേന്ദ്രീകരിച്ച് മയക്കുമരുന്നു വിൽപ്പന നടത്തുന്നതായും പോലീസിന് വ്യക്തമായി. തുടർന്ന് എക്‌സൈസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തീരദേശത്തും സ്‌കൂൾ പരിസരത്തും മയക്കുമരുന്നും കഞ്ചാവുമെത്തിക്കുന്നയാൾക്കെതിരേ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.
കുട്ടികൾ വീട്ടിലെത്തുമ്പോൾ അസ്വഭാവിക പെരുമാറ്റം ഉണ്ടാകുന്നുണ്ടോയെന്ന് നിത്യവും രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അസ്വഭാവികതയുണ്ടെന്നു തോന്നിയാൽ വിവരമറിയിക്കണമെന്ന് പോലീസ്-എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. കുട്ടികളിലെ ലഹരി ഉപയോഗം പലയിടത്തും വർധിച്ചു വരുന്നതായാണ് കാണാൻ കഴിയുന്നത്. ഇതേതുടർന്ന് നിരവധി ബോധവത്കരണ ക്ലാസുകളും സെമിനാറുകളും നടത്തി വരുന്നുണ്ട്.
കുട്ടികളെ ലഹരിയ്ക്കടിപ്പെടാതിരിക്കാൻ ആദ്യം രക്ഷിതാക്കൾ പരസ്യമായി ലഹരി ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുകയാണ് വേണ്ടതെന്ന അഭിപ്രായവും ഉയർന്ന് വരുന്നുണ്ട്. നാല് മുതൽ പത്തു വയസ്സുവരെയുള്ള കാലത്തിലാണ് കുട്ടികൾ തങ്ങളുടെ സ്വഭാവ മാതൃക രൂപപ്പെടുത്തുന്നത്. ഈയവസരത്തിൽ രക്ഷിതാക്കളുടെ മദ്യവും പുകവലിയുമുൾപ്പെടെ ലഹരി ഉപയോഗം കുട്ടികളെ വല്ലാതെ സ്വാധീനിക്കുമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.