വിശാഖപ്പട്ടണം: കാല്‍വഴുതി ട്രെയിനില്‍ നിന്നും ട്രാക്കിലേക്ക് വീണ് പരിക്കേറ്റ പെണ്‍കുട്ടി മരിച്ചു. ആന്ധ്രയിലെ വിശാഖപട്ടണത്തിനടുത്തുള്ള ദേവുഡയിലാണ് സംഭവം. 20കാരിയായ ശശികലയാണ് മരിച്ചത്.
ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
ഗുണ്ടൂര്‍-റായ്ഗഡ പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങവെ പെണ്‍കുട്ടി ട്രാക്കിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീഴുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ നിലവിളി കേട്ട് സ്റ്റേഷന് അധികൃതര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു.
റെയില്‍വേ അധികൃതര്‍ ട്രെയിന്‍ ഉടനടി നിര്‍ത്താന്‍ ആവശ്യപ്പെടുകയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഒന്നരമണിക്കൂര്‍ നേരത്തെ ശ്രമത്തിന് ശേഷം പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
അപകടം നടന്ന ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തിയതിനാല്‍ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചുവെന്ന ആശ്വാസത്തിലായിരുന്നു ആര്‍പിഎഫും റെയില്‍വേ അധികൃതരും. എന്നാല്‍ ചികിത്സയില്‍ കഴിയവെ പെണ്‍കുട്ടി മരിച്ചു.
Discussion about this post