നാട്ടുകാരെ ഞെട്ടിച്ച് കോടതി സമന്‍സ്, കൃത്യസമയത്ത് ഹാജരാകണം; നെഞ്ചിടിപ്പോടെ തുറന്ന് നോക്കി, പേടിച്ചരണ്ട മുഖത്ത് പൊട്ടിച്ചിരി; വക്കിലന്മാരെ ഇങ്ങനെ പണി തരല്ലേ.. വൈറല്‍ വിവാഹ ക്ഷണക്കത്ത്..!

കോട്ടയം: വിവാഹക്കത്തുകളില്‍ പുതുമ കൊണ്ടുവരുന്നവരാണ് ഇന്നത്തെ ആളുകള്‍. എന്നാലും ആരും ഇത്തരം ഒരു പുതുമ പ്രതീക്ഷിച്ചുകാണില്ല.. കൈയ്യില്‍ കിട്ടിയതും നെഞ്ചിടിപ്പ് കൂടി, കണ്ണുതള്ളി

ഈശ്വരാ മനസറിയാതെ കേസില്‍പെട്ടോ? പിന്നെ ആശങ്കയോടെ കൈയില്‍ കിട്ടിയ കോടതി സമന്‍സ് വായിക്കാന്‍ തുടങ്ങി.

എന്നാല്‍ തുറന്ന് വായിച്ച് തുടങ്ങിയപ്പോള്‍ പേടിച്ചരണ്ടമുഖം മാറി പൊട്ടിച്ചിരി. കൈയില്‍ കിട്ടിയത് കോടതി സമന്‍സ് അല്ല. കോട്ടിട്ട ഒരു വക്കീലിന്റെ കല്യാണക്കുറിയാണ്.

കോട്ടയത്തെ യുവ അഭിഭാഷകന്‍ അഡ്വ. വിഷ്ണു മണിയാണ് ഈ പണികാണിച്ച് നാട്ടുകാരെ ഞെട്ടിച്ചത്. കോടതിയില്‍നിന്ന് അയയ്ക്കുന്ന സമന്‍സിന്റെ രൂപത്തിലാണ് വിവാഹക്ഷണക്കത്ത്.

പേരും കുറിപ്പും സീലുമെല്ലാം അതേപോലെ.. എന്നാല്‍ കത്ത് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ജനുവരി 13നാണ് വിഷ്ണുവും ചിങ്ങവനം സ്വദേശിയായ അഡ്വ. അരുന്ധതി ദിലീപും തമ്മിലുള്ള വിവാഹം. എറണാകുളം ലോ കോളജ് മുതലുള്ള സൗഹൃദമാണ് ഇപ്പോള്‍ വിവാഹത്തിലെത്തി നില്‍ക്കുന്നത്.

ക്രൈം നമ്പറിന്റെ സ്ഥാനത്ത് ഇരുവരും പ്രണയത്തിലായ ദിവസവും സ്ഥലമായ ലോ കോളജുമാണ് ചേര്‍ത്തിരിക്കുന്നത്. ക്ഷണിക്കപ്പെട്ട കക്ഷികള്‍ എല്ലാവരും വീഴ്ചവരുത്താതെ അന്നേദിവസം 11നും 11.45നുമിടയില്‍ കോട്ടയം ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തില്‍ എത്തിച്ചേരേണ്ടതാണെന്നും സമന്‍സില്‍ പറയുന്നു. താഴെ ചേര്‍ത്തിരിക്കുന്ന സീലില്‍ കുമരകം കോട്ടയം ക്ലബില്‍ നടക്കുന്ന റിസപ്ഷന്റെ കാര്യവും ചേര്‍ത്തിരിക്കുന്നു.

തന്റെ മേഖലയിലെ പോലെ സമന്‍സ് മാതൃകയില്‍ ക്ഷണക്കത്തിറക്കാന്‍ കാരണമുണ്ട്. ദിവസങ്ങള്‍ക്കു മുമ്പ് ഇരുവരും കോട്ടയത്തെ ഇന്ത്യന്‍ കോഫി ഹൗസില്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു. കഴിച്ച ശേഷം ബില്‍ അടയ്ക്കാന്‍ പണത്തിനായി പോക്കറ്റില്‍ കൈയിട്ടപ്പോള്‍ ആദ്യം കിട്ടിയത് ഒരു സമന്‍സാണ്. അപ്പോഴാണ്, ക്ഷണക്കത്ത് സമന്‍സാക്കിയാലോ എന്ന ആശയം മനസില്‍ ഉദിച്ചത്. അപ്പോള്‍തന്നെ ഒരു ടിഷ്യു കടലാസില്‍ ക്ഷണക്കത്തിനായുള്ള വാചകങ്ങള്‍ കുറിച്ചു.

Exit mobile version