തൃശ്ശൂർ: 40 വർഷം മുൻപ് നഷ്ടപ്പെട്ട മോതിരം തിരികെ ലഭിച്ച സന്തോഷത്തിലാണ് 79കാരിയായ ആഗ്നസ് പോൾ. ഭർത്താവ് ടിജെ പോളാണ് ആഗ്നസ് ആശിച്ച മോതിരം സമ്മാനിച്ചത്. ഇതിനിടയിൽ എപ്പോഴോ മോതിരം നഷ്ടമായി. പ്രിയതമനെ നഷ്ടപ്പെട്ട് ഏഴുവർഷത്തിനിപ്പുറമാണ് ആ സ്വർണമോതിരം വീണ്ടും ആഗ്നസിന്റെ കൈകളിലേയ്ക്ക് എത്തിചേർന്നത്. ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതിയ മോതിരം വീണ്ടും എത്തിച്ചേരാൻ ഇടയായത് പുല്ലുചെത്ത് തൊഴിലാളിയായ സനൽ ആണ്.
പറമ്പ് വൃത്തിയാക്കാനെത്തിയ ലാലൂർ കൊട്ടാലൻ വീട്ടിൽ സനലിനാണ് അവിചാരിതമായി മോതിരം ലഭിച്ചത്. സ്വർണ്ണമാണെന്ന് സംശയം തോന്നിയ ഉടനെ വീടിന്റെ ഉടമസ്ഥനും ആഗ്നസിന്റെ അഞ്ച് മക്കളിൽ ഇളയവനുമായ ടിക്സൺ പോളിനെ ഏൽപ്പിച്ചു. പണ്ട് നഷ്ടപ്പെട്ട മോതിരമാണതെന്ന് ആഗ്നസ് തിരിച്ചറിഞ്ഞു.
1963ലാണ് തട്ടിൽ ടി.ജെ. പോൾ ആഗ്നസിനെ വിവാഹം കഴിച്ചത്. വിവാഹസമയത്ത് സ്വർണാഭരണങ്ങൾ കുറവായിരുന്നു. പേരു കൊത്തിയ വിവാഹമോതിരം ഉണ്ടായിരുന്നില്ല. അത്തരത്തിലൊരു മോതിരം വേണമെന്നുള്ള ആഗ്രഹം ആഗ്നസ് തന്റെ ആഗ്രഹം അറിയിച്ചു. എന്നാൽ, 10 വർഷത്തിന് ശേഷമാണ് ഭർത്താവ് പോളിന് ആ ആഗ്രഹം നിറവേറ്റി കൊടുക്കാൻ സാധിച്ചത്.
പോൾ എന്ന പേരിനൊപ്പം ആഗ്നസിന്റെ പേര് സൂചിപ്പിക്കുന്ന ‘എ’ എന്ന അക്ഷരവും മക്കളായ ജോൺസൺ, സിസ്റ്റർ ഷൈനി പോൾ എന്നിവരെ സൂചിപ്പിക്കുന്ന രണ്ട് നക്ഷത്രങ്ങളും മോതിരത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഏഴ് വർഷം മുമ്പാണ് പോൾ ലോകത്തോട് വിടപറഞ്ഞത്. ഒളരിക്കര കടവാരം റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം സനലിനെ ആദരിക്കുകയും ചെയ്തു.