കോഴിക്കോട്: നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനായി വിവിധ സംഘടനകളുടെ പിന്തുണയോടെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ ലക്ഷങ്ങള്‍ അണിനിരന്നു. വൈകിട്ട് 4 മണി മുതല്‍ 4.15 വരെ നാലിന് കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെയാണ് മതില്‍ തീര്‍ക്കുന്നത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യന്‍കാളി പ്രതിമയ്ക്കു മുന്നില്‍ വരെ ദേശീയപാതയില്‍ 620 കിലോമീറ്റര്‍ ദൂരമാണു മതില്‍ തീര്‍ത്തത്.
കാസര്‍കോട്ടു മന്ത്രി കെകെ ശൈലജ ആദ്യകണ്ണിയും തിരുവനന്തപുരത്തു സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് അവസാന കണ്ണിയുമായി. മതിലിന് അഭിമുഖമായി ഐക്യദാര്‍ഢ്യമറിയിച്ച് പുരുഷന്‍മാരും അണിനിരന്നു. വനിതാ മതില്‍ തീര്‍ത്തതോടെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് കെആര്‍ ഗൗരിയമ്മ ആലപ്പുഴയിലും ആദിവാസി നേതാവ് സികെ ജാനു ഷൊര്‍ണൂര്‍ കുളപ്പുള്ളിയിലും കെ അജിതയും പിവല്‍സലയും കോഴിക്കോട്ടും അണിനിരന്നു.
മതില്‍ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയെന്ന് മുഖ്യമന്ത്രി ഇന്നലെ ആവര്‍ത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ വര്‍ഗീയമതില്‍ എന്ന പ്രതിപക്ഷ ആരോപണത്തെ പൂര്‍ണ്ണമായിട്ട് ചെറുക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. എന്നാല്‍ ശബരിമലയോ, യുവതിപ്രവേശന വിഷയമോ പരാമര്‍ശിക്കാതെയാണ് വനിതാ മതിലില്‍ അണിനിരക്കുന്നവര്‍ ഏറ്റുചൊല്ലാനുളള പ്രതിജ്ഞ തയ്യാറാക്കിയിരിക്കുന്നത്.
നാല്‍ക്കവലകളില്‍ നിശ്ചിത സമയത്തിന് പത്തുമിനിറ്റുമുമ്പുമാത്രമേ മതിലൊരുക്കാവൂ. അതേസമയം, ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പോലീസ് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
Discussion about this post