ആലപ്പുഴ: മനുഷ്യത്വവും ജനകീയവുമായ ഇടപെടലുകളിലൂടെ ജനപ്രിയനായ ഐഎഎസ് ഉദ്യോഗസ്ഥനാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ ഐഎഎസ്. കാലവര്‍ഷക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹപൂര്‍വം കരുതലോടെ നിര്‍ദേശം നല്‍കിയാണ് അദ്ദേഹം കുട്ടികള്‍ക്ക് പ്രിയപ്പെട്ട ‘കളക്ടര്‍ മാമന്‍’ ആയത്.
തന്റെ ഔദ്യോഗിക ജീവിതത്തിനിടെ സംഭവിക്കാറുള്ള ശ്രദ്ധേയമായ സംഭവങ്ങള്‍ അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ ജനശ്രദ്ധയില്‍പെടുത്താറുണ്ട്. കഴിഞ്ഞ ദിവസം തന്നെ കാണാനെത്തിയ ഒരു വിദ്യാര്‍ഥിനി തനിക്ക് നല്‍കിയ ഒരു സമ്മാനത്തെ കുറിച്ചാണ് കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
എംബിബിഎസ് പഠനം ആരംഭിക്കുന്നതിന് മുമ്പ് കലക്ടറുടെ അനുഗ്രഹം വാങ്ങാന്‍ എത്തിയതാണ് വിദ്യാര്‍ഥിനി. വിദ്യാര്‍ത്ഥിനി വെറ്റിലയും അടയ്ക്കയും നാണയവും വെച്ച് ദക്ഷിണ നല്‍കിയ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
കുറച്ച് നാളുകള്‍ക്ക് മുന്‍പ് എം.ബി.ബി.എസ്. പ്രവേശനവുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ഥനി തന്നെ ആദ്യമായി വന്നു കാണുന്നത്. തന്റെ അധ്യാപിക ബാലലത ടീച്ചറാണ് പെണ്‍കുട്ടിയെ സ്പോണ്‍സര്‍ ചെയ്തിരുന്നത്.
കോളേജില്‍ പഠനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് പെണ്‍കുട്ടി തന്നെ കാണാന്‍ വന്നത്. എനിക്കുള്ള ദക്ഷിണയായിരുന്നു ഈ നാണയവും വെറ്റിലയും പാക്കും. എന്റെ ഐ.എ.എസ്. ജീവിതത്തില്‍ വെച്ച് എനിക്ക് ലഭിച്ച എറ്റവൂം മൂല്യമേറിയ സമ്മാനങ്ങളിലൊന്നായി ഇതെന്നും എന്റെ മനസ്സില്‍ ഉണ്ടാകുമെന്നും കളക്ടര്‍ കുറിച്ചു. പെണ്‍കുട്ടിക്ക് എല്ലാവിധ ആശംസകളും നേര്‍ന്നാണ് കൃഷ്ണ തേജ കുറിപ്പ് അവസാനിപ്പിച്ചത്.