തിരുവനന്തപുരം: സഹോദരിയ്ക്ക് നീതി കിട്ടിയെന്ന് കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരി ഇല്‍സ. കോടതി വിധിയില്‍ സന്തോഷമുണ്ട്. മാതൃകാപരമായ ശിക്ഷയാണ് നടപ്പാക്കിയിരിക്കുന്നതെന്നും സഹോദരി ഇല്‍സ പറഞ്ഞു. നീതി നടപ്പാക്കാന്‍ ഒപ്പം നിന്നവര്‍ക്ക് ഇല്‍സ നന്ദിയും അറിയിച്ചു.
കോടതി നടപടികള്‍ തത്സമയം കാണാന്‍ ഇല്‍സക്ക് അനുവാദമുണ്ടായിരുന്നു. ഇതിനായി കോടതിമുറിയില്‍ പ്രത്യേക സജ്ജീകരണവും ഒരുക്കിയിരുന്നു. കോടതി നടപടികള്‍ തത്സമയം വീക്ഷിക്കാന്‍ ഇതാദ്യമായാണ് കോടതി അനുമതി നല്‍കുന്നത്. അന്തിമവാദം ഉള്‍പ്പടെയുള്ള കോടതി നടപടികള്‍ തത്സമയം കാണാന്‍ അവസരം നല്‍കണം എന്നാവശ്യപ്പെട്ട് ഇല്‍സയും ലാത്വിയന്‍ എംബസിയും ഹൈക്കോടതിയിലും വിചാരണക്കോടതിയിലും അപേക്ഷ നല്‍കിയിരുന്നു തുടര്‍ന്നാണ് നടപടി.
2018 മാര്‍ച്ച് 14നാണ് തിരുവനന്തപുരം പോത്തന്‍കോട് എത്തിയ ലാത്വിയന്‍ യുവതിയെ കാണാതാകുന്നത്. 37 ദിവസങ്ങള്‍ക്ക് ശേഷം കോവളം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കേസില്‍ പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തമാണ് ശിക്ഷ വിധിച്ചത്.
തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതായിരുന്നു വിധി. തിരുവല്ലം സ്വദേശികളായ ഒന്നാം പ്രതി ഉമേഷ്, രണ്ടാംപ്രതി ഉദയകുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു.
ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകള്‍ നിരത്തിയാണ് പ്രോസിക്യൂഷന്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കിയത്. പ്രതികള്‍ മാത്രം എത്തുന്ന ഒറ്റപ്പെട്ട സ്ഥലത്ത് യുവതിയെ എത്തിച്ചത് ഉദയനും ഉമേഷുമാണെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികള്‍ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേനെ ലഹരി മരുന്ന് നല്‍കാമെന്ന് പറഞ്ഞു വിദേശ വനിതയെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി എന്നാണ് കേസ്.
ആദ്യഘട്ടത്തില്‍ കേസ് കാര്യക്ഷമമായി അന്വേഷിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് കൊല്ലപ്പെട്ട യുവതിയുടെ സഹോദരി കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ അടക്കം കണ്ട് പരാതി നല്‍കുകയായിരുന്നു. രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കേസില്‍ കൊലപാതകം നടന്ന് നാലര വര്‍ഷമാകുമ്പോഴാണ് വിധി പുറപ്പെടുവിക്കുന്നത്.