പേരാമ്പ്ര: മയക്കുമരുന്ന് സംഘത്തിനെതിരെ പ്രതികരിച്ച എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഘത്തിലെ വിദ്യാർത്ഥിക്ക് അജ്ഞാതരുടെ മർദ്ദനം. വയനാട് മേപ്പാടി പോളിടെക്നിക്ക് കോളജ് വിദ്യാർത്ഥി അഭിനവ് ആണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങവെ രണ്ടു ബൈക്കിലായെത്തിയ നാലു പേർ അഭിനവിനെ മർദിക്കുകയായിരുന്നു.
തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ അഭിനവിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മേപ്പാടിയിലെ ഇതേ കോളജിലെ എസ്എഫ്ഐ വനിതാ നേതാവിന് നേരത്തെ മർദനമേറ്റിരുന്നു. ഇതിന്റെ പ്രതികാരമായാണ് ആക്രമണമെന്നാണ് ഉയരുന്ന ആരോപണം. മേപ്പാടി പോളിടെക്നിക് കോളെജിൽ എസ്എഫ്ഐ വനിതാ നേതാവ് അപർണ ഗൗരിയാണ് കഴിഞ്ഞ ദിവസം മൃഗീയ മർദ്ദനത്തിന് ഇരയായത്.
30 പേർ കൂടി ചേർന്നാണ് അപർണ്ണ ഗൗരിയെ വളഞ്ഞിട്ട് ആക്രമിച്ചത്. അപർണയുടെ മുടിക്ക് കുത്തിപിടിച്ച് കോളജിനോടുളള മതിലിനോട് ചേർത്ത് നിർത്തി വടികൊണ്ട് അടക്കം അടിക്കുകയും മതിലിൽ നിന്ന് താഴെക്ക് തള്ളിയിടുകയും ചെയ്തു. ദേഹത്ത് ചവിട്ടുകയും ചെയ്തു. ബഹളം കേട്ട് എസ്എഫ്ഐ പ്രവർത്തകർ എത്തിയതോടെയാണ് അപർണയെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്.
തലയ്ക്കും നെഞ്ചത്തും കഴുത്തിനുമെല്ലാം പരിക്കേറ്റ അപർണയെ അർധ ബോധാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പകൽ ഒന്നരയോടെയായിരുന്നു അക്രമണം. പോളിടെക്നിക് യൂണിയൻ തെരഞ്ഞെടുപ്പിന്റെ വേട്ടെണ്ണൽ ആരംഭിക്കുന്നതിന് മുൻപായിരുന്നു അക്രമണം. ”ട്രാബിയോക്’ എന്ന മയക്കുമരുന്ന് ഗ്യാങ് യുഡിഎസ്എഫ് നേതാക്കൾക്കൊപ്പം അപർണയെ ആക്രമിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ നേതൃത്വം ആരോപിച്ചു.
കോളജിൽ എംഡിഎംഎ അടക്കമുള്ള മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും എസ്എഫ്ഐ ആരോപിച്ചു. തുടർന്ന് യുഡിഎസ്എഫ് പ്രവർത്തകർ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളും എസ്എഫ്ഐ പുറത്തു വിട്ടിരുന്നു. ഇതിൽ പ്രതികരിച്ച് രംഗത്ത് വന്ന അപർണ്ണയ്ക്ക് നേരെയാണ് മൃഗീയ മർദ്ദനമുണ്ടായത്.
സംഭവത്തിൽ കോളജിലെ മൂന്നാം വർഷ വിദ്യാർഥികളായ കിരൺ രാജ്, കെ.ടി.അതുൽ, ഷിബിലി, അബിൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിലെ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റതിന് പിന്നാലെ കേസിൽ റിമാൻഡിൽ കഴിയുന്ന കെഎസ്യു പ്രവർത്തകരുടെ മോട്ടോർ ബൈക്കുകൾ ഇന്ന് പുലർച്ചെ തീ വെച്ച് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post