എഴുകോൺ: പാചക വാതക സിലിണ്ടർ ശക്തിയായി മുകളിലേയ്ക്ക് ചീറ്റിത്തെറിച്ചപ്പോൾ പകച്ചു നിന്ന കുടുംബത്തിന് രക്ഷകനായി ദുരന്ത നിവാരണ സേനാംഗമായ ഓട്ടോറിക്ഷാ ഡ്രൈവർ. ആലുവ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർ എഴുകോൺ അമ്പലത്തുംകാല കൃഷ്ണ ജ്യോതിയിൽ ഉണ്ണിക്കൃഷ്ണ പിള്ളയുടെ കുടുംബമാണ് മുളവന പള്ളിമുക്കിലെ ഓട്ടോറിക്ഷാ ഡ്രൈവർ മുളവന പള്ളിയറ ആലുംമൂട്ടിൽ വീട്ടിൽ ബി.ഹരീഷ് കുമാറിന്റെ ഇടപെടലിൽ ദുരന്തത്തിൽ നിന്ന് കരകയറിയത്.
ഓട്ടം വന്നപ്പോഴാണ് ഉണ്ണികൃഷ്ണ പിള്ള ഗ്യാസ് പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നത് ഹരീഷ് കുമാർ കണ്ടത്. വാഷർ തകരാർ മൂലം സിലിണ്ടറിൽ നിന്നു പാചകവാതകം ചീറ്റിത്തെറിക്കുകയായിരുന്നു. വീടിനകം മുഴുവൻ വാതകം നിറഞ്ഞു. കുടുംബാംഗങ്ങളെ ഉണ്ണിക്കൃഷ്ണ പിള്ള പുറത്തെത്തിച്ചപ്പോഴേക്കും സിലിണ്ടർ തുറസ്സായ സ്ഥലത്തേക്കു മാറ്റിയ ഹരീഷ് ഏറെ പണിപ്പെട്ട് പ്ലാസ്റ്റിക് അടപ്പു കൊണ്ടു സിലിണ്ടർ അടച്ചു.
ഇതിനിടയിൽ പാചകവാതകം ശക്തിയായി മുഖത്തേക്കും വായിലേക്കും അടിച്ചു കയറിയെങ്കിലും രക്ഷാപ്രവർത്തനത്തിൽ നിന്ന് ഹരീഷ് പിൻവാങ്ങിയില്ല. അപ്പോഴേക്കും കൊട്ടാരക്കരയിൽ നിന്ന് അഗ്നിരക്ഷാ യൂണിറ്റ് സംഭവ സ്ഥലത്ത് എത്തിയിരുന്നു. സിലിണ്ടറിന്റെ തകരാർ പരിഹരിക്കുകയും വീടും പരിസരങ്ങളും സുരക്ഷിതമാക്കുകയും ചെയ്ത ശേഷമാണ് യൂണിറ്റ് മടങ്ങിയത്. ചോർച്ച അനുഭവപ്പെട്ട സിലിണ്ടറിന്റെ റെഗുലേറ്റർ ഊരിമാറ്റിയപ്പോഴാണു വാതകം പുറത്തേക്കു തെറിച്ചതെന്നും ഹരീഷ് സമയത്ത് എത്തിയില്ലായിരുന്നുവെങ്കിൽ വലിയ ദുരന്തമായേനേ എന്നും ഉണ്ണിക്കൃഷ്ണ പിള്ള പറയുന്നു.
Discussion about this post