തിരൂർ: നീങ്ങി തുടങ്ങിയ വണ്ടിയിൽ നിന്നും കൈക്കുഞ്ഞുമായി ചാടിയിറങ്ങവേ പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയിൽപെട്ട യുവതിക്കും കുഞ്ഞിനും അത്ഭുത രക്ഷ. കൊയിലാണ്ടി ചേമഞ്ചേരി തിരുവങ്ങൂർ സ്വദേശി പുതുകുളങ്ങര ലിയാന ഫാത്തിമ, സഹോദരിയായ ഹൈഫയുടെ മകൻ മുഹമ്മദ് അൽവിൻ (ഒന്നേമുക്കാൽ വയസ്സ്) എന്നിവരാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
തിരൂർ റെയിൽവേസ്റ്റേഷനിൽ ഞായറാഴ്ച രാത്രി 10.20- ഓടെയാണ് സംഭവം. ആലപ്പുഴ – കണ്ണൂർ എക്‌സ്പ്രസിൽ ലിയാന ഫാത്തിമയും മുഹമ്മദ് ഹൽവിനും മാതാവ് ഹൈഫയും ഉൾപ്പെട്ട കുടുംബം കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്നു. കുടിവെള്ളം വാങ്ങാൻ ഇവർ കുറ്റിപ്പുറത്ത് പ്ലാറ്റ്‌ഫോമിലിറങ്ങിയിരുന്നു. വെള്ളം വാങ്ങുമ്പോൾ സ്റ്റാളിൽ മൊബൈൽഫോൺ വെച്ചുമറന്നു.
തുടർന്ന് തിരൂരിൽ തീവണ്ടിയിറങ്ങി. അവിടെനിന്ന് മാവേലി എക്‌സ്പ്രസിൽ കുറ്റിപ്പുറംപോയി ഫോൺ തിരികെയെടുക്കാൻ കുടുംബം തീരുമാനിച്ചു. കുട്ടിയുടെ മാതാവിന്റെ സഹോദരി ലിയാന ഫാത്തിമ കുട്ടിയുമായി ആദ്യം തീവണ്ടിയിൽ കയറിയ ഉടനെ തീവണ്ടി പുറപ്പെട്ടു. ബാക്കിയുള്ളവർക്ക് കയറാൻ കഴിഞ്ഞില്ല. ഇത് അറിഞ്ഞ ലിയാന ഫാത്തിമ ചാടി ഇറങ്ങുകയായിരുന്നു.
ട്രാക്കിലേക്ക് തെറിച്ചുവീഴു ന്നത് കണ്ട് പ്ലാറ്റ്‌ഫോമിലുള്ളവർ നിലവിളിക്കുകയും തീവണ്ടിയുടെ പോയിന്റ്‌സ് മാൻ ചുവന്ന കൊടി കാട്ടുകയും തീവണ്ടിയിലുള്ളവർ ചങ്ങല വലിക്കുകയുംചെയ്തു. ഉടനെ തീവണ്ടി നിർത്തി. ഓടിയെത്തിയ ആർ.പി.എഫും നാട്ടുകാരും ചേർന്ന് ട്രാക്കിനടിയിൽപ്പെട്ട യുവതിയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തുകയായിരുന്നു.