തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വനിത കണ്ടക്ടര്‍ ആണെങ്കില്‍ ഇനിമുതല്‍ കണ്ടക്ടറുടെ സീറ്റില്‍ പുരുഷന്മാര്‍ ഇരിക്കാന്‍ പാടില്ല. പുതിയ സംവിധാനത്തിനെതിരെ പരക്കെ ആക്ഷേപം ഉയര്‍ന്നെങ്കിലും സ്ത്രീ സുരക്ഷയെ കരുതിയാണ് ക്രമീകരണമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു.
ഈ സീറ്റില്‍ പുരുഷന്മാര്‍ കൂടെ ഇരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് വനിതാ കണ്ടക്ടര്‍മാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇനിമുതല്‍ കെഎസ്ആര്‍ടിസി ബസില്‍ വനിതാ കണ്ടക്ടര്‍മാര്‍ക്ക് അനുവദിച്ചിട്ടുള്ള സീറ്റുകളില്‍ സ്ത്രീ യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ.
വാതിലിന് സമീപം കണ്ടക്ടര്‍ക്കായി അനുവദിച്ചിട്ടുള്ളത് രണ്ടുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റാണ്. അതിനാല്‍ യാത്രക്കാരില്‍ ഒരാള്‍ക്ക് ഇരിക്കാം. ഇങ്ങനെ ഒപ്പമിരിക്കുന്ന പുരുഷ യാത്രക്കാരില്‍ ചിലരില്‍ നിന്നും മോശം അനുഭവം ഉണ്ടായതായി വനിതാ കണ്ടക്ടര്‍മാര്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സ്ത്രീ യാത്രക്കാര്‍ സീറ്റ് പങ്കിടണമെന്ന നിര്‍ദ്ദേശം.
രണ്ടുവര്‍ഷം മുമ്പാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയതെങ്കിലും ബസുകളില്‍ വ്യാപകമായി അറിയിപ്പ് പോസ്റ്റര്‍ രൂപത്തില്‍ പതിച്ച് തുടങ്ങി. അതേസമയം, ജനറല്‍ സീറ്റുകളില്‍ സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്ന് യാത്ര ചെയ്യുന്നതിന് തടസമൊന്നുമില്ല. ട്രെയിനുകളിലും ഇത്തരം വേര്‍തിരിവില്ല