കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായത് കോര്‍പ്പറേഷന് മാത്രമല്ല, സ്വകാര്യ വ്യക്തികള്‍ക്കുമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ലിങ്ക് റോഡ് ബ്രാഞ്ചിലെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് 21.5 കോടിയോളം രൂപയുടെ നഷ്ടമാണ് കണ്ടെത്തിയിരിക്കുന്നത്.
മുന്‍മാനേജര്‍ എംപി റിജിലാണ് തിരിമറി നടത്തിയതെന്നാണ് സൂചന. കേസില്‍ റിജില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോഴിക്കോട് ജില്ലാ കോടതി പരിഗണിക്കും. കഴിഞ്ഞ 29-ാം തിയതി മുതല്‍ റിജില്‍ ഒളിവിലാണ്.
ഇയാള്‍ സ്വകാര്യവ്യക്തികളുടെ ഒന്‍പത് അക്കൗണ്ടില്‍ നിന്നും കോര്‍പറേഷന്റെ എട്ട് അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്തിട്ടുണ്ട്. 17 അക്കൗണ്ടുകളില്‍ നിന്നും ആകെ 21.5 കോടിയുടെ തിരിമറിയാണ് കണ്ടെത്തിയിരിക്കുന്നത്.
അതേസമയം, ചില അക്കൗണ്ടുകളിലേക്ക് പണം തിരിച്ച് നിക്ഷേപിച്ചിട്ടുമുണ്ട്. റിപ്പോര്‍ട്ട് പഞ്ചാബ് നാഷണല്‍ ബാങ്ക് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. പല അക്കൗണ്ടുകളില്‍ നിന്ന് തിരിച്ചും മറിച്ചും ഇടപാടുകള്‍ നടത്തിയതിനാല്‍ ബാങ്ക്, കോര്‍പറേഷന്‍ എന്നിവയുടെ രേഖകള്‍ ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ചുവരികയാണ്.
തട്ടിപ്പ് കേസിലെ പ്രതി പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ എംപി റിജിലിന്റെ ആക്സിസ് ബാങ്കിലെ അക്കൗണ്ടും ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഓണ്‍ലൈന്‍ റമ്മിക്ക് ഉള്‍പ്പെടെ ഈ അക്കൗണ്ടില്‍നിന്ന് പണമിടപാട് നടത്തിയതായി കണ്ടെത്തി.