കണ്ണൂർ: മത്സ്യബന്ധനബോട്ട് നടുക്കടലിൽ ഉണ്ടായ അപകടത്തിൽ നിന്നും 13 തൊഴിലാളികൾക്ക് അത്ഭുത രക്ഷ. കൊച്ചി മുനമ്പത്തുനിന്ന് 20 ദിവസം മുമ്പ് മത്സ്യബന്ധനത്തിന് പുറപ്പെട്ട ഷൈജ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂരിൽനിന്ന് 67 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകീട്ട് 3 മണിയോടെയാണ് സംഭവം. തമിഴ്‌നാട്ടിൽനിന്നുള്ള എട്ടുപേരും അസമിൽനിന്നുള്ള അഞ്ചുപേരുമാണ് ബോട്ടിലുണ്ടായിരുന്നത്.
പുറപ്പെടുംമുൻപ് ബോട്ടിന്റെ എൻജിൻ കേടായിരുന്നുവെങ്കിലും കണ്ണൂർ അഴീക്കൽ തുറമുഖത്തുവച്ച് പ്രശ്‌നം പരിഹരിച്ചിരുന്നു. അതിനുശേഷമാണ് സംഘം യാത്ര തുടർന്നത്. ബോട്ടിന്റെ അടിവശത്തുണ്ടായിരുന്ന ദ്വാരത്തിലൂടെ വെള്ളം കയറിയതാണ് അപകടത്തിലേയ്ക്ക് വഴിവെച്ചത്. ബോട്ട് ഒരു വശത്തേക്ക് ചരിഞ്ഞതോടെയാണ് വിവരം തൊഴിലാളികൾ തിരിച്ചറിയുന്നത്.
ഉടനടി, ഹാംറേഡിയോ ഓപ്പറേറ്റർ റോണി പോലീസിനെ അറിയിച്ചതോടെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. അഴീക്കൽ പോലീസ് മദർ ഇന്ത്യ എന്ന ബോട്ടിന്റെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 3 മണിക്കൂറിനുള്ളിൽ ബോട്ടിനടുത്തെത്തിയ മദർ ഇന്ത്യയിലെ തൊഴിലാളികൾ കടലിൽ വീണ മത്സ്യത്തൊഴിലാളികളെ രക്ഷിക്കുകയായിരുന്നു.