തിരുവനന്തപുരം: നടന് കൊച്ചുപ്രേമന്റെ വിയോഗവാര്‍ത്ത സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ന് വൈകുന്നരമാണ് നടന്റെ മരണവാര്‍ത്തയെത്തിയത്. രണ്ട് മാസമായി അച്ഛന് ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരമായിരുന്നുവെന്ന് പറയുകയാണ് മകന് ഹരികൃഷ്ണന്. ശ്വാസകോശ സംബന്ധമായ രോഗം ഹൃദയത്തെയും ബാധിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചുവെന്നും മകന് പറഞ്ഞു.
ഇന്ന് രാവിലെ മുതല്‍ നല്ല വീക്കായിരുന്നു അച്ഛന്. ഷുഗര്‍ എല്ലാം ലോയായി. അപ്പോള്‍ തന്നെ ഞങ്ങള്‍ ഷുഗറിന്റെ വെള്ളവും മറ്റും കൊടുത്തു. എന്നാലും ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞ് കിടക്കണം എന്ന് പറഞ്ഞു. കിടന്നു കഴിഞ്ഞതും കുറെകൂടി ആള് വീക്കായി. പിന്നെ പള്‍സ് പോയി.
അപ്പോള്‍ തന്നെ ആംബുലന്‍സ് വിളിച്ചു. അവര്‍ തന്നെ പറഞ്ഞു പള്സില്ലായെന്ന്. എന്നാലും ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നുവെന്നും മകന് പറഞ്ഞു. വലിയവിളയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. സംസ്കാരത്തിന്റെ സമയം തീരുമാനിച്ചിട്ടില്ലെന്നും ഹരികൃഷ്ണന് വ്യക്തമാക്കി.
ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം നടന് കൊച്ചു പ്രേമന്റെ അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഉച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തമാശ റോളുകളിലും ക്യാരക്ടര്‍ റോളുകളിലും ഏറെക്കാലം സജീവമായിരുന്നു. 250 ലേറെ സിനിമകളില്‍ അഭിനയിച്ചു. സിനിമയില്‍ വരുന്നതിനു മുന്‍പു നാടകത്തില്‍ സജീവമായിരുന്നു. സീരിയലിലും സജീവമായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ പഞ്ചായത്തില്‍ പേയാട് എന്ന ഗ്രാമത്തില്‍ ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനായി 1955 ജൂണ്‍ ഒന്നിന് ജനിച്ചു. പേയാട് ഗവ.സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കൊച്ചുപ്രേമന് തിരുവനന്തപുരം എം.ജി കോളജില്‍ നിന്ന് ബിരുദം നേടി.
ചെറുപ്പം മുതല്‍ നാടക രംഗത്ത് സജീവമായിരുന്നു. എട്ടാം ക്ലാസില്‍വച്ചാണ് ആദ്യമായി നാടകം സംവിധാനം ചെയ്യുന്നത്. ജഗതി എന്‍.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിന്റെ ഭാഗമായപ്പോഴാണ് നാടകത്തെ ഗൗരവത്തോടെ കണ്ടത്. തുടര്‍ന്ന് തിരുവനന്തപുരത്തെ പ്രസിദ്ധമായ നാടക സമിതികളുടെ ഭാഗമായി.
കെ.എസ്.പ്രേംകുമാര്‍ എന്നതാണ് ശരിയായ പേര്. ഒരേ പേരുള്ള സുഹൃത്ത് നാടക സമിതിയിലുണ്ടായിരുന്നതിനാലാണ് കൊച്ചുപ്രേമന് എന്ന പേര് സ്വീകരിച്ചത്. എഴു നിറങ്ങളാണ് ആദ്യ സിനിമ. നീണ്ട ഇടവേളയ്ക്കുശേഷമാണ് സംവിധായകന് രാജസേനന്റെ ദില്ലിവാല രാജകുമാരനില്‍ അഭിനയിക്കുന്നത്. പിന്നീട് ഇരട്ടക്കുട്ടികളുടെ അച്ഛനില്‍ അഭിനയിച്ചു. തുടര്‍ന്ന് സിനിമയില്‍ ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചു. സീരിയല്‍ താരം ഗിരിജയാണ് ഭാര്യ: മകന്: ഹരികൃഷ്ണന്.
Discussion about this post