കണ്ണൂർ: ഇൻഡിഗോ വിമാന യാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളിൽ ഒരാളായ ഫർസീൻ മജീദ് വിവാഹിതനാകുന്നു. നിലവിൽ ഫർസീൻ മജീദ് വധശ്രമക്കേസ് നേരിടുകയാണ്. ഫർസീനിന്റെ മട്ടന്നൂരിലെ വീട്ടിൽ ശനിയാഴ്ചയാണ് വിവാഹം. മട്ടന്നൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റാണ് ഫർസീൻ.
പയ്യന്നൂർ സ്വദേശി നഫീസതുൽ മിസ്രിയയാണ് ഫർസീന്റെ വധു. പയ്യന്നൂർ കോളേജിൽ കെ എസ് യു നേതാവ് കൂടിയായിരുന്നു മിസ്രിയ. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയ പ്രമുഖ നേതാക്കളും കോൺഗ്രസ് എംഎൽഎമാരും വിവാഹ സൽക്കാരത്തിൽ സന്നിഹിതരാകും.
ദമ്പതിമാർക്ക് ആശംസ നേർന്ന് കണ്ണൂർ നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചുവരെഴുതി. ഈ ചിത്രം ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധമുണ്ടായതും ഫർസീനെ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ തള്ളി താഴെയിട്ടതും വൻ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.