കൊച്ചി: കോപ്പിയടി വിവാദത്തില്‍ ഹോംബാലെ ഫിലിംസിനെതിരെയുളള തൈക്കുടം ബ്രിഡ്ജിന്റെ ഹര്‍ജി തളളിയ കോഴിക്കോട് ജില്ലാ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് പി സോമരാജന്റെ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഡിസംബര്‍ എട്ട് വരെയാണ് ഹൈക്കോടതിയുടെ സ്റ്റേ. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്, സംവിധായകന്‍ ഋഷഭ് ഷെട്ടി, സംഗീത സംവിധായകന്‍ ബി എല്‍ അജനീഷ്, സിനിമയുടെ കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് ഫിലിംസ് എല്‍എല്‍പി, സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളായ ആമസോണ്‍, ജിയോസാവന്‍, സ്പോട്ടിഫൈ തുടങ്ങിയവയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.
കന്നഡ ചിത്രം ‘കാന്താര’യിലെ ‘വരാഹ രൂപം’ എന്ന ഗാനം കോപ്പിയടിയാണെന്ന് ആരോപിച്ചായിരുന്നു ജില്ലാ കോടതിയില്‍ മ്യൂസിക് ബാന്‍ഡ് തൈക്കുടം ബ്രിഡ്ജ് ഹര്‍ജി നല്‍കിയിരുന്നത്. വിഷയത്തില്‍ അധികാരപരിധി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജില്ലാ കോടതി ഹര്‍ജി തള്ളിയത്.
കഴിഞ്ഞ മാസമാണ് തൈക്കൂടം ബ്രിഡ്ജ് സിനിമയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. തൈക്കൂടം ബ്രിഡ്ജിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ സതീഷ് മൂര്‍ത്തിയാണ് ഹാജരായത്. പിന്നാലെ ഗാനം നിര്‍ത്തിവെക്കാനുള്ള ഉത്തരവ് കോഴിക്കോട് സെഷന്‍സ് കോടതി പുറപ്പെടുവിച്ചിരുന്നു.
‘നവരസ’യുമായി ‘വരാഹരൂപ’ത്തിന് ബന്ധമില്ലെന്നും പാട്ട് കോപ്പിയടിച്ചിട്ടില്ലെന്നുമായിരുന്നു ചിത്രത്തിന്റെ സംവിധായകനും നടനുമായ റിഷഭ് ഷെട്ടിയുടെ വാദം. ഇക്കാര്യം തൈക്കൂടം ബ്രിഡ്ജിനെ അറിയിച്ചിരുന്നതായും റിഷഭ് പറഞ്ഞു. ഗാനത്തിനെതിരെ ഉയര്‍ന്ന വിവാദങ്ങളെ തള്ളിക്കൊണ്ട് കാന്താരയുടെ സംഗീത സംവിധായകന്‍ അജനീഷും രംഗത്തെത്തിയിരുന്നു.
കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാല്‍ തോന്നുന്നതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. നവരസം പാട്ട് നേരത്തെ കേട്ടിട്ടുണ്ടെന്നും അതുതന്നെ ഒരുപാട് ഇന്‍സ്പെയര്‍ ചെയിതിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.