കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ഏറ്റെടുക്കാനാളില്ലാതെ 85 രോഗവിമുക്തര്‍. രോഗവിമുക്തി നേടിയിട്ടും രോഗിയായി കഴിയേണ്ട ഗതികേടിലാണ് ഇവര്‍. 16 അന്യസംസ്ഥാനക്കാരെ ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കിയുള്ളവരെല്ലാം മലയാളികള്‍. രോഗം മാറിയതോടെ ഇവര്‍ക്ക് തിരിച്ച് പോവാന്‍ താല്പര്യമുണ്ടെങ്കിലും വീട്ടുകാര്‍ കൂടെ കൂട്ടാന്‍ തയ്യാറാവാത്തതാണ് ഒരു നടതള്ളല്‍ കേന്ദ്രം പോലെ കുതിരവട്ടം മാനസീകാരോഗ്യ കേന്ദ്രം മാറാന്‍ കാരണമായത്.
ഡിസ്ചാര്‍ജ് അദാലത്ത് പോലെയുള്ള പരിപാടി സംഘടിപ്പിച്ച് ചിലരെ സന്നദ്ധ സംഘടനകളും മറ്റും ഏറ്റെടുക്കുന്നുണ്ടെങ്കിലും മറ്റ് പലരും ആശുപത്രിയില്‍ തന്നെ കഴിഞ്ഞ് കൂടുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
എല്ലാതരം മാനസിക രോഗങ്ങളും പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നതാണെങ്കിലും രോഗിയായാല്‍ പിന്നെ അവരെ പൊതുശല്യമായി പ്രഖ്യാപിക്കുന്നവരാണ് കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍.
ആശുപത്രിയിലെ 433 അന്തേവാസികളില്‍ ബന്ധുക്കളില്ലാത്തവരുമുണ്ട്. പലരുടെയും നാടോ വീടോ ഏതെന്നറിയില്ല. പ്രാദേശിക ഭാഷ മാത്രം അറിയുന്ന ഉത്തരേന്ത്യന്‍ സ്വദേശികള്‍ക്ക് എന്താണ് പറയാനുള്ളതെന്നു പോലും മനസ്സിലാക്കാന്‍ കഴിയുന്നില്ല. കോഴിക്കോട് ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ബന്ധപ്പെട്ട് ബന്ധുക്കളെ കണ്ടെത്താനും രോഗ മുക്തി നേടിയവരെ കൊണ്ടുപോവാന്‍ താല്പര്യമില്ലാത്ത കുടുംബാംഗങ്ങള്‍ക്കെതിരേ നിയമ നടപടിയടക്കമുള്ള കാര്യങ്ങളിലേക്കടക്കം നീങ്ങുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. രമേശന് ചൂണ്ടിക്കാട്ടുന്നു.
474 രോഗികളെ ചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രിയില്‍ ബുധനാഴ്ചത്തെ കണക്ക് പ്രകാരം 433 അന്തേവാസികളാണുള്ളത്. അന്യ സംസ്ഥാനത്ത് നിന്നുള്ളവരുടെ ബന്ധുക്കളെ കണ്ടെത്താന്‍ ചില സന്നദ്ധസേവകരുടേയും മറ്റും സഹായത്തോടെ ശ്രമവും നടത്തുന്നുണ്ട്.
Discussion about this post