മലപ്പുറം: ലെഗ്ഗിങ്സ് ധരിച്ചെത്തിയ അധ്യാപികയോട് ഹെഡ്മിസ്ട്രസ് മോശമായി പെരുമാറിയതായി പരാതി. മലപ്പുറം എടപ്പറ്റ സികെഎച്ച്എം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ യുപി സ്‌കൂള്‍ അധ്യാപികയായ സരിത രവീന്ദ്രനാഥ് ആണ് ഹെഡ്മിസ്ട്രസ് റംലത്തിനെതിരെ ഡിഎംഒയ്ക്ക് പരാതി നല്‍കിയത്.
അധ്യാപികയായ സരിത ലെഗ്ഗിങ്സ് ധരിക്കുന്നത് കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ‘ശരിയായ’ വസ്ത്രം ധരിക്കാത്തതെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞതായി പരാതിയില്‍ പറയുന്നു. സ്‌കൂളിലെ ഹിന്ദി അധ്യാപികയാണ് സരിത ടീച്ചര്‍.
‘രാവിലെ സ്‌കൂളിലെത്തി ഹെഡ് മിസ്ട്രസിന്റെ റൂമില്‍ ചെന്നപ്പോള്‍ ആണ് സംഭവം. ഏതോ ഒരു കുട്ടി യൂണിഫോം ധരിച്ചിരുന്നില്ല. അതിനെ ചൊല്ലിയുള്ള സംസാരം ആണ് ലെഗിന്‍സില്‍ എത്തിയത്. കുട്ടികള്‍ യൂണിഫോം ധരിക്കാത്തത് താന്‍ ലെഗിന്‍സ് ധരിക്കുന്നത് കൊണ്ടാണ് എന്ന് ഹെഡ് മിസ്ട്രസ് പറഞ്ഞു’ എന്ന് സരിത ടീച്ചര്‍ പറയുന്നു.
Read Also: സൂര്യ കൊലക്കേസ്: പ്രതി ഷിജു ആത്മഹത്യ ചെയ്തു
ഞാന്‍ ലെഗിന്‍സ് ഇട്ട് വന്നത് കൊണ്ടാണ് കുട്ടികള്‍ ഇതെല്ലാം ചെയ്യുന്നത് എന്നായിരുന്നു പ്രതികരണം. മാന്യതയ്‌ക്കോ അധ്യാപനജോലിക്കോ നിരക്കാത്തതായ വസ്ത്രം ധരിച്ച് ഇതുവരെ സ്‌കൂളില്‍ വന്നിട്ടില്ല. അധ്യാപകര്‍ക്ക് സൗകര്യപ്രദമായ മാന്യമായ ഏതൊരു വസ്ത്രവും ധരിച്ച് സ്‌കൂളില്‍ വരാമെന്ന് നിയമം നിലനില്‍ക്കെ ഇത്തരത്തില്‍ ഒരു അനുഭവമുണ്ടായത് ഏറെ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി എന്നും സരിത ടീച്ചര്‍. ആ സാഹചര്യത്തിലാണ് പരാതി നല്‍കിയത് എന്നും ടീച്ചര്‍ പറഞ്ഞു.
അതേസമയം വിഷയത്തോട് പ്രതികരിക്കാന്‍ ഹെഡ്മിസ്ട്രസ് തയ്യാറായിട്ടില്ല. മേലധികാരികള്‍ വിശദീകരണം ആവശ്യപ്പെട്ടാല്‍ നല്‍കും. 2019 ലെ മിസിസ് കേരളയാണ് സരിത രവീന്ദ്രന്‍.